
തിരുവനന്തപുരം: പിണറായി മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പുതിയ സര്‍ക്കാരിനെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. അധികാരമേല്‍ക്കുന്ന സര്‍ക്കാരിന് ജാതിമത-കക്ഷി രാഷ്ട്രീയ വ്യത്യാസമുണ്ടാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പുതിയ സര്‍ക്കാരിന്റെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ലത്ത ആദ്യ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാറായിരിക്കും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതെന്നും അതേ മനോഭാവത്തോടെയുളള പ്രതികരണമാണ് സമൂഹത്തില്‍ നിന്നും തിരിച്ച് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ മുഖ്യമന്ത്രിയായാല്‍ എന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ വരാമെന്നും അങ്ങനെ പറഞ്ഞു വരുന്ന അത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും പിണറായി പറഞ്ഞു.
ഇക്കാര്യത്തെപ്പറ്റി അറിവ് കിട്ടിയാല്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് പിണറായി ആവശ്യപ്പെട്ടു. ജനങ്ങളുടെ സഹകരണമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. സമൂഹവും ഇക്കാര്യം മനസിലാക്കണം. ജനം പുറം തിരിഞ്ഞ് നിന്നാല്‍ ജനാധിപത്യ പ്രക്രിയ പൂര്‍ണമാകില്ല. നീതി, സാഹോദര്യം, സമൃദ്ധി, പുരോഗതി എന്നിവയ്ക്കായി പ്രവര്‍ത്തിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.