
തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് വിവാദമാകുന്നു. പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പിണറായി വിജയന്‍ കലോത്സവത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് മേള ഉദ്ഘാടനം ചെയ്തത്.
പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളതിന്റെ പേരില്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് പോലും ഒഴിവാക്കിയ ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ആരാധിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബി.ജെ.പിയും പ്രതിഷേധ പരിപാടി നടത്തി.
എന്നരുന്നാലും പിണറായിക്ക് രക്ഷ കിട്ടിയില്ല. കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. ഓഖി ദുരിത മേഖലയില്‍ മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നെന്നും ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം നേരത്തെ നല്‍കണമായിരുന്നെന്നും സമ്മേനത്തില്‍ അഭിപ്രായമുയര്‍ന്നു. തോമസ് ചാണ്ടിയെ സംരക്ഷിച്ചത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും വിമര്‍ശനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു വിമര്‍ശനം.
നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം പൊലീസ് ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നു. ഭരണത്തിലിരിക്കുന്ന സമയത്തും പാര്‍ട്ടിക്ക് പൊലിസിനെതിരെ സമരം ചെയ്യേണ്ടി വരുന്നുവെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്ക് സ്തുതിഗീതം പാടി പുകഴ്ത്തുന്നത് പതിവായെന്ന് ചവറ ഏരിയാ കമ്മിറ്റിയിലുള്ളവര്‍ പറഞ്ഞു.