എറണാകുളം: ലാവ്‌ലിന്‍ കേസില്‍ തനിയ്ക്ക് യാതൊരു തരത്തിലുള്ള ഭയവുമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണ്. തന്റെ പേരില്‍ യാതൊരു കേസും നിലവിലില്ല. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ മറുപടി പറയണമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ ആവശ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. നവകേരള മാര്‍ച്ചിനിടെ എറണാകുളത്ത് വാര്‍ത്താസമ്മേളനത്തിലാണ് പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആരോ എന്തോ പറയുന്നതു കേട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വി.എം സുധീരനും ചേര്‍ന്നതല്ല. ലാവലിന്‍ കേസില്‍ കുറ്റരോപിതര്‍ക്കെതിരെ തെളിവില്ലെന്നു കണ്ട് കേസ് തന്നെ കോടതി റദ്ദാക്കിയതാണെന്നും പിണറായി പറഞ്ഞു. നവകേരള മാര്‍ച്ചിന്റെ ഭാഗമായി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേസ് നേരത്തെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചതു താന്‍ തന്നെയാണ്. സ്വകാര്യമായ വിധിയല്ല കേസിലുണ്ടായത്. വാദവും പ്രതിവാദവും കഴിഞ്ഞു കുറ്റാരോപിതര്‍ക്കെതിരെ തെളിവില്ലെന്നു കണ്ടാണ് കോടതി കേസുപോലും റദ്ദാക്കിയത്. ഇതു സംബന്ധിച്ച് വിശദീകരിക്കാന്‍ സി.പി.എമ്മിന് യാതൊരു ഭയവുമില്ല.സുധീരന്‍ ഉമ്മന്‍ ചാണ്ടിയുടെ പാവയായി മാറിയെന്നും പിണറായി പറഞ്ഞു.
കേസില്‍ വിധിയായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. താന്‍ പ്രതിയല്ലെന്നു കോടതി വ്യക്തമാക്കി. കുറ്റം ആരോപിക്കാന്‍ പോലും അര്‍ഹതയില്ലെന്നാണ് കോടതി നിലപാട്. പിന്നെന്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെടുന്നത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ സി.ബി.ഐ മാത്രമേ അധികാരമുള്ളു എന്നിരിക്കേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത് എന്തിനാണ്? ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിന് അപ്പീലിന് അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തനിക്കെതിരായ നീക്കത്തിനു പിന്നില്‍ കോണ്‍ഗ്രസുകാരുടെ ഉപജാപക വൃത്തിയുടെ കാര്യത്തില്‍ സംശയമില്ല. ആരോ എന്തോ പറയുന്നതുകേട്ടു ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സുധീരന് ചേര്‍ന്നതല്ല. സുധീരന്‍ അബ്കാരികളുടെ മാനസപുത്രനാണ്. വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നത് തന്റെ ശീലമല്ല. പക്ഷേ, കൂടുതല്‍ വിറകൊണ്ടു പറയുമ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടിവരും. സുധീരന്റെ അബ്കാരി ബന്ധത്തെ കുറിച്ച് നവകേരള യാത്ര തൃശൂരില്‍ എത്തിയപ്പോള്‍ പലരും തന്നോടു പറഞ്ഞിരുന്നു. ഇതൊക്കെ സുധീരന്‍ ചെയ്യുമെന്ന് കരുതാത്ത കാര്യങ്ങളാണ്. അക്കാര്യങ്ങള്‍ സുധീരനുവേണ്ടി ചെയ്തുകൊടുത്തയാളെന്നു പറഞ്ഞാണ് തന്നോട് വെളിപ്പെടുത്തല്‍ നടത്തിയത്. അതൊന്നും പരസ്യമായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.