സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രം മികച്ച നടന്റെയോ നടിയുടെയോ ഒന്നുമല്ല. മറിച്ച് അശാന്ത് കെ. ഷാ എന്ന കൊച്ചുമിടുക്കനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചിത്രമാണ്. പൊതുവെ കര്‍ക്കശക്കാരനെന്ന് അറിയപ്പെടുന്ന പിണറായിയെ ചേര്‍ത്തു നിര്‍ത്തി അശാന്ത് എടുത്ത സെല്‍ഫിക്ക് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ലാലിബേലാ എന്ന ചിത്രത്തിലെ അഭിനയത്തിന് അശാന്തിന് ജൂറിയുടെ പ്രത്യേക പുരസ്‌കാരമാണ് ലഭിച്ചത്.
പുരസ്‌കാരം വാങ്ങാനായി വേദിയിലേക്ക് കയറിയ അശാന്ത് കുട്ടിത്തത്തിന്റെ നിഷ്‌കളങ്കതയോടെ ഓടി വന്ന് ചടങ്ങിലെ മുഖ്യാതിഥിയായ മോഹന്‍ലാലിനെ ആലിംഗനം ചെയ്തു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും അശാന്ത് കെട്ടിപ്പിച്ചു.
എല്ലാവരും ഏറെ ബഹുമാനത്തോടെയും അല്‍പം പേടിയോടെയും കാണുന്ന മുഖ്യമന്ത്രിയെ അശാന്ത് ആലിംഗനം ചെയ്യുന്നതു കണ്ട് സദസ്സ് ഒന്നാകെ കയ്യടിച്ചു. അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയ അശാന്ത് വേദിയില്‍ വച്ചു തന്നെ സെല്‍ഫിയെടുക്കാന്‍ ഒരുങ്ങി. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകന്‍ കമലും മറ്റും ചേര്‍ന്ന് അശാന്തിനെ തടഞ്ഞു.
എന്നാല്‍ ഇരിപ്പിടത്തില്‍ ഇരുന്ന ശേഷം പിണറായി അശാന്തിനെ തിരികെ വിളിച്ച് ഒപ്പം സെല്‍ഫിയെടുത്തു. ആദ്യം മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്ത അശാന്ത് പിന്നീട് അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ട് ചേര്‍ത്തു നിര്‍ത്തി വീണ്ടും സെല്‍ഫി ക്ലിക്ക് ചെയ്തു.
പണ്ടൊരിക്കല്‍ തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ തട്ടിമാറ്റിയിട്ടുള്ള പിണറായി അശാന്തിന്റെ സെല്‍ഫികളോട് ശാന്തമായി പുഞ്ചിരിയോടെയാണ് പ്രതികരിച്ചത്. ഒപ്പം എല്ലാത്തിനും സാക്ഷിയായി മോഹന്‍ലാലും ഉണ്ടായിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലും ഇതേ ചിത്രം മുഖ്യമന്ത്രി ഇട്ടു.