തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ ജിദ്ദയിലേയ്ക്ക് അയക്കാന്‍ തീരുമാനിച്ചത് ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രി. സൗദി യാത്ര സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാടെന്ന് വ്യക്തമല്ലെന്നും അത്തരമൊരു നിലപാട് കേന്ദ്രം സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന പിണറായി വിജയന്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടമായി കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അനുഭവിക്കുന്ന ആശങ്കകള്‍ പരിഹരിക്കാനും നിയമനടപടികള്‍ എളുപ്പത്തിലാക്കാനുമാണ് മന്ത്രിയെ സൗദിയിലേക്ക് വിടാന്‍ ആലോചിച്ചത്.പ്രവാസികളായവരുടെ കുടുംബങ്ങളുടെ ആശങ്കകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. എന്നാല്‍ കേന്ദ്രമന്ത്രി പോയതിന് പിന്നാലെ അങ്ങോട്ട് പുറപ്പെടാനൊരുങ്ങിയ സംസ്ഥാന മന്ത്രിയെ തടഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം നയതന്ത്ര പാസ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി കെ.ടി.ജലീല്‍ സൗദിയിലേക്കുള്ള യാത്ര താല്‍കാലികമായി മാറ്റി വെച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാന്‍ വേണ്ടിയല്ല, സഹായിക്കാന്‍ വേണ്ടിയായിരുന്നു സൗദിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും കേന്ദ്ര നിലപാട് വേദനിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം പാസ്പോര്‍ട്ട് നിരസിക്കല്‍ കെ.ടി ജലീല്‍ ചോദിച്ച് വാങ്ങിയതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചിരുന്നു.
സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ച സാഹചര്യത്തിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം. വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതോടെ ജലീലിന് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ലഭിച്ചില്ല. ഇതോടെ ജലീലിന്റെ സൗദി യാത്ര അനിശ്ചിതത്വത്തിലായി.
പാസ്പോര്‍ട്ട് നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്നറിയില്ലെന്ന് ജലീല്‍ പ്രതികരിച്ചു. സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ മുന്നൂറോളം മലയാളികള്‍ കുടുങ്ങിക്കിടന്ന പശ്ചാത്തലത്തിലാണ് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ അയക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
മന്ത്രിതല സംഘത്തെ സൗദിയിലേയ്ക്ക് അയക്കാന്‍ തീരുമാനിച്ച ഉടന്‍ തന്നെ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ ക്ലിയറന്‍സ് നല്‍കാനാകില്ലെന്നാണ് കേന്ദ്രം കേരളത്തെ അറിയിച്ചിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന മലയാളികളുമായി ആശയവിനിമയം നടത്തി പകരം നാട്ടിലെത്തിക്കാനും പുനരധിവാസം ഉറപ്പാക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമം ഇതോടെ അനിശ്ചിതത്വത്തിലായി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധാരണ വിസയില്‍ സൗദിയിലേയ്ക്ക് പോയാല്‍ കാര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. മുന്നൂറോളം മലയാളികളാണ് സൗദി അറേബ്യയില്‍ കുടുങ്ങിക്കടക്കുന്നതായി സംസ്ഥാനത്തിന് റിപ്പോര്‍ട്ട് ലഭിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി സൗദിയില്‍ ഉണ്ടെങ്കിലും മലയാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായി ഇടപെടാനായിരുന്നു സംസ്ഥാനം പ്രത്യേക സംഘത്തെ അയക്കാന്‍ തീരുമാനിച്ചിരുന്നത്.