വിഎസിനെതിരെ വ്യാജവാർത്ത നല്‍കിയവർക്ക് എതിരെ കേസ് എടുത്തു.അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു.

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദർശിച്ചു. തിരുവനന്തപുരം കവടിയാറിലെ വിഎസിന്റെ വീട്ടിലെത്തിയാണ് പിണറായി അദ്ദേഹത്തെ കണ്ടത്. പത്തുമിനിറ്റോളം പിണറായി വിജയന്‍ വിഎസിനൊപ്പം ചെലവഴിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സന്ദർശനം. പതിവ് ഫിസിയോ തെറാപ്പി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വിഎസിനെ മുറിയില്‍ ചെന്നാണ് പിണറായി സന്ദർശിച്ചത്. കൂടിക്കാഴ്ചക്ക് ശേഷം പിണറായി വിജയന്‍ മകൻ വിഎ.സ് അരുണ്‍കുമാറിനോട് വിഎസിന്റെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

വിഎസിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ വ്യാജ വാര്‍ത്തകൾ പുറത്തുവന്നിരുന്നു. വ്യാജവാർത്ത നല്‍കിയ ഋഷി കെ മനോജിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. വിഎസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ അടിസ്ഥാനരഹിത വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി സി. സുശീല്‍കുമാർ നൽകിയ പരാതിയിലായിരുന്നു നടപടി.

ആഴ്ചകള്‍ക്ക് മുന്‍പ് വിഎസിന് നേരിയ പക്ഷാഘാതം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇപ്പോൾ വിശ്രമത്തിലാണ് വിഎസ്. ഇതിനു പിന്നാലെ പൊതു പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയയിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു.

Top