തിരുവനന്തപുരം നഗരത്തില്‍ വരുന്നവരുടെ കയ്യില്‍ താലിയും സിന്ദൂരവും ഇല്ലെങ്കില്‍ നിങ്ങളെ പിടിക്കാന്‍ പിങ്ക് പോലിസ് നില്‍പ്പുണ്ട് .ഇതൊന്നും ഇല്ലെങ്കില്‍ കൈയ്യില്‍ കല്യാണം നടന്നതിന്റെ രേഖകള്‍ ഉണ്ടോ ?ഇതൊന്നും ഇല്ലെങ്കില്‍ നിങ്ങള്ക്ക് തലസ്ഥാനത്ത് സ്വര്യമായി നടക്കാമെന്ന് കരുതണ്ട .കാരണം പോലിസിലെ സദാചാരക്കാര്‍ തന്നെ .നഗരത്തില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പിങ്ക് പോലീസ് കനകക്കുന്നിലും മ്യൂസിയം പരിസരത്തും സദാചാര പോലീസായി മാറുന്നതായി ആക്ഷേപം ഉയരുന്നു. കനകക്കുന്നില്‍ ഒന്നിച്ചിരുക്കുന്ന യുവതീ യുവാക്കളെ പിങ്ക് പോലീസ് വിരട്ടിയോടിക്കുന്നതായാണ് പരാതി. ഇത്തരത്തില്‍ ഒരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പിങ്ക് പോലീസ് വിരട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ ജല്‍ജിത്ത് തോട്ടത്തില്‍ എന്ന യുവാവ് ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവച്ചതോടെ ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
കനകക്കുന്നിലെ പോലീസിന്റെ സദാചാരപോലീസിംഗിനെതിരെ നേരത്തേയും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ദിവസവും നൂറുകണക്കിന് പേര്‍ വന്നുപോകുന്ന കനകക്കുന്നിലെ ഗാര്‍ഡനില്‍ പരസ്യമായി സംസാരിച്ചിരിക്കുന്ന ആണ്‍-പെണ്‍ സുഹൃത്തുക്കളെയാണ് പിങ്ക് പോലീസ് അപമാനിച്ച് ഓടിച്ചുവിടുന്നത്. വിവാഹിതരല്ലാത്ത ആണ്‍ പെണ്‍ സുഹൃത്തുക്കള്‍ ഇവിടെ ഇരിക്കാന്‍ പാടില്ലെന്നാണ് പിങ്ക് പോലീസിന്റെ നിലപാട്. കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം, കയ്യില്‍ പേരുകള്‍ കൊത്തിയ മോതിരം, ഇതൊന്നുമില്ലേല്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ്, ഇതെല്ലാം ഉണ്ടേല്‍ ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ മതി. ഒരുമിച്ചിരിക്കുന്നവരുടെ അടുത്തെത്തി പിങ്ക് പോലീസ് ഇതൊക്കെ പരിശോധിക്കുമെന്നും ഇരകളായവര്‍ പറയുന്നു. എതിര്‍ത്ത് സംസാരിച്ചാല്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി ചോദ്യം ചെയ്യുമെന്നും കേസെടുക്കുമെന്നും ഭീഷണിപ്പെടുത്താറുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു.