ന്യുഡല്‍ഹി:രാജ്യസഭാ സീറ്റ് വിവാദത്തിൽ പി.ജെ കുര്യനെതിരെ ലിസ്റ്റുമായിട്ടിറങ്ങിയ യുവ തലമുറമാറ്റവാദക്കാരെ പരിഹസിച്ചുകൊണ്ട് രാജ്യസഭയിലേക്ക് ലിസ്റ്റുമായി പിജെ.കുര്യനും രംഗത്ത് , രാജ്യസഭാ സീറ്റിലേക്ക് തന്നെ പരിഗണിക്കണമെന്ന നിര്‍ബന്ധമില്ലെന്നും പി.ജെ കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തിൽ ആവശ്യപ്പെട്ടു .
തനിക്ക് പകരം പാര്‍ട്ടിക്ക് പരിഗണിക്കാന്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലുണ്ടെന്നും കുര്യന്‍ വ്യക്തമാക്കി. ആറു പേരുകള്‍ കുര്യന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വച്ചിട്ടുണ്ട്. എം.എം ഹസന്‍, വി.എം സുധീരന്‍, ഷാജിമോള്‍ ഉസ്മാന്‍ ,രാജ്‌മോഹന്‍ ഉന്നിത്താന്‍, പി.സി വിഷ്ണുനാഥ്, പി.സി ചാക്കോ എന്നീ പേരുകളാണ് കുര്യന്‍ നിര്‍ദേശിച്ചത്. പാര്‍ട്ടി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്ന നീക്കമാണ് ഇതിലൂടെ കുര്യന്‍ നടത്തിയത്.അതോടൊപ്പം, കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്ന നിബന്ധനയും കുര്യന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഒരു സീറ്റില്‍ മാത്രം ഒഴിവുവരുമ്പോള്‍ ഘടകകക്ഷികളെ പരിഗണിക്കുന്ന സാഹചര്യമില്ലെന്നും സീറ്റ് കോണ്‍ഗ്രസ് തന്നെ കൈവശം വയ്ക്കുകയാണ് വേണ്ടതെന്നും കുര്യന്‍ ചൂണ്ടിക്കാട്ടുന്നു. പിജെ .കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് കുര്യന്‍ നിലപാടുമായി രംഗത്തെത്തിയത്.