പിണറായി കളിക്കുന്നത് കൈവിട്ട കളിയെന്ന് പികെ ഫിറോസ്; ആക്ടിവിസ്റ്റുകള്‍ കയറിയാല്‍ പുരോഗമനമുണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഫേസ്ബുക്കിലൂടെയാണ് പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പിണറായി വിജയന്‍ ഇപ്പോള്‍ കളിക്കുന്നത് കൈവിട്ട കളിയാണ്..ഭൂരിപക്ഷ സമുദായമായ ഹിന്ദു സമൂഹത്തിലെ വിശ്വാസികളെ പ്രകോപിപ്പിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വോട്ടു ബാങ്കില്‍ അല്‍പ്പം ചോര്‍ച്ചയുണ്ടായാലും വന്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നത് യു.ഡി.എഫിനായിരിക്കുമെന്നാണ് പിണറായി വിജയന്‍ കണക്ക് കൂട്ടുന്നത്..ശബരിമലയില്‍ ആക്റ്റിവിസ്റ്റുകളായ ഏതാനും സ്ത്രീകള്‍ കയറിയാല്‍ പുരോഗമനമുണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പിണറായി വിജയന്‍ ഇപ്പോള്‍ കളിക്കുന്നത് കൈവിട്ട കളിയാണ്.
5 വര്‍ഷം കൂടുമ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചിരുന്ന കേരളത്തിന്റെ നടപ്പു രീതിയില്‍ മാറ്റമുണ്ടാക്കി വീണ്ടുമൊരിക്കല്‍ കൂടി അധികാരത്തിലേറാനുള്ള കൊണ്ടു പിടിച്ച ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂരിപക്ഷ സമുദായമായ ഹിന്ദു സമൂഹത്തിലെ വിശ്വാസികളെ പ്രകോപിപ്പിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വോട്ടു ബാങ്കില്‍ അല്‍പ്പം ചോര്‍ച്ചയുണ്ടായാലും വന്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നത് യു.ഡി.എഫിനായിരിക്കുമെന്നാണ് പിണറായി വിജയന്‍ കണക്ക് കൂട്ടുന്നത്. മുഖ്യ എതിരാളിയായ യു.ഡി.എഫിന് പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരിക്കുന്ന വോട്ടുകള്‍ ബി.ജെ.പിയിലേക്കെത്തിച്ചാല്‍ അതിന്റെ ഗുണം ലഭിക്കുക തങ്ങള്‍ക്കാണല്ലോ എന്ന സിമ്പിള്‍ ലൈന്‍.

ശബരിമലയില്‍ ആക്റ്റിവിസ്റ്റുകളായ ഏതാനും സ്ത്രീകള്‍ കയറിയാല്‍ പുരോഗമനമുണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? കമ്മ്യൂണിസ്റ്റുകാരുടെ പുരോഗമന സങ്കല്‍പ്പമെന്ന് പറയുന്നത് തന്നെ യുക്തിയിലധിഷ്ഠിതമാണ്. അങ്ങിനെ നോക്കുമ്പോള്‍ എല്ലാ വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളാണെന്ന് പറയേണ്ടി വരും. ശബരിമല അയ്യപ്പന്റെ കാര്യം തന്നെ എടുക്കാം. ഹരി – ഹരന്റെ മകനാണ് അയ്യപ്പന്‍. അതായത് വിഷ്ണുവിന്റെയും ശിവന്റെയും മകന്‍. രണ്ട് പുരുഷന്‍മാര്‍ക്ക് എങ്ങിനെ മക്കളുണ്ടാകുമെന്ന് യുക്തി കൊണ്ട് ചിന്തിച്ചാല്‍ അയ്യപ്പന്‍ തന്നെ അന്ധവിശ്വാസമാണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പറയേണ്ടി വരും. അങ്ങിനെ വന്നാല്‍ സ്ത്രീകള്‍ മാത്രമല്ല ഒരാളും മല ചവിട്ടാത്ത കിണാശ്ശേരിയാണ് കമ്മ്യൂണിസ്റ്റുകാര്‍ സ്വപ്നം കാണേണ്ടിയിരുന്നത്. അത് കൊണ്ട് ഇത് പുരോഗമനമുണ്ടാക്കാനുള്ള കളിയല്ല അധികാരത്തിലേക്കുള്ള കുറുക്കു വഴി വെട്ടല്‍ മാത്രമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോട്ട് ബാങ്ക് രാഷ്ട്രീയത്തിലെ മറ്റൊരു വിഭാഗമായ സവര്‍ണ്ണ സമൂഹത്തെ കൂടെ നിര്‍ത്താനും ചിലതൊക്കെ ചെയത് വച്ചിട്ടുണ്ട് പിണറായി വിജയന്‍. അതിലൊന്നാണ് മുന്നോക്ക സംവരണം. മറ്റൊന്ന് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥ സമൂഹമാകാന്‍ പോകുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും സംവരണം നിഷേധിക്കലാണ്. എന്നാല്‍ ദളിതരുടെ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ വനിതാ മതിലിന്റെ യോഗത്തില്‍ വലിയ സംവരണം നല്‍കിയിട്ടുണ്ട്. ആര്‍.എസ്.എസ്സിനോട് ഇടക്കിടെ വെല്ലുവിളി നടത്തുന്നത് കൊണ്ട് മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ടും ഉറപ്പു വരുത്താമല്ലോ! വേണമെങ്കില്‍ തെരഞ്ഞെടുപ്പിന്റെ തലേന്ന് പത്ത് കിലോ പോത്തും വരട്ടും. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഇതൊക്കെ ധാരാളമാണല്ലോ

ഇനി ആര്‍.എസ്.എസ്സ് നാടാകെ കലാപമുണ്ടാക്കുന്നത് നോക്കൂ. അവര്‍ക്കിത് ശ്രീധരന്‍ പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ സുവര്‍ണ്ണാവസരമാണ്. അക്രമം കണ്ടാല്‍ ജനങ്ങള്‍ എതിരാകുമെന്നൊക്കെ നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ ചരിത്രമറിയാത്തത് കൊണ്ടാണ്. ഗുജറാത്തും യു.പിയുമടക്കമുള്ള പല സംസ്ഥാനങ്ങളിലും നമ്മളത് കണ്ടതാണ്. ഹിംസയാണ് അവരുടെ രാഷ്ട്രീയത്തിന്റെ അടിത്തറ. ആ അടിത്തറയിലാണ് മോദി ഇന്ത്യ ഭരിക്കുന്ന പശ്ചാത്തലമൊരുങ്ങിയത്. അതിനാണവര്‍ ഇവിടെയും കലാപത്തിന് കോപ്പു കൂട്ടുന്നത്. ജാഗ്രത പാലിക്കേണ്ടത് മതേതര വിശ്വാസികളാണ്. ഈ കളിക്കു കൂട്ടു നില്‍ക്കണോ എന്ന് ചിന്തിക്കേണ്ടത് നാടിന്റെ സമാധാനം ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.

പിണറായി വിജയന്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. ഒരു അധികാര മോഹിക്ക് അടുത്ത അഞ്ച് വര്‍ഷം മാത്രമായിരിക്കും മനസ്സിലുണ്ടാവുക. ഒരു നല്ല രാഷ്ട്രീയ നേതാവിന് അരനൂറ്റാണ്ടെങ്കിലും മുന്നോട്ടു കാണാനാവണം.

Top