വ്യാജരേഖ ഉണ്ടാക്കിയ നളിനി നെറ്റോ ജയിലിലാകും; ടിപി സെന്‍കുമാറിന്റെ നിയമനം വൈകിക്കുന്നത് സര്‍ക്കാരിന് പണിയാകും

പിണറായി വിജയന്‍ സര്‍ക്കാരിനേറ്റ കനത്ത അടിയാണ് ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന സുപ്രീം കോടതി വിധി. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ എത്രമാത്രം വൈകിക്കാമെന്നാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ വൈകും തോറും കൂടുതല്‍ കുഴപ്പങ്ങളിലേക്കാവും സര്‍ക്കാര്‍ പോകുക. പ്രത്യേകിച്ചും സെന്‍കുമാറിനെതിരെ വ്യാജ രേഖയുണ്ടാക്കിയ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ കാര്യത്തില്‍.

തന്നെ ഡിജിപിയായി നിയമിക്കണമെന്ന കോടതിവിധി നടപ്പിലാക്കാന്‍ കാലതാമസം വരുത്തുന്നതിലൂടെ സര്‍ക്കാര്‍ കോടതി അലക്ഷ്യം കാണിക്കുന്നു എന്നാണ് സെന്‍കുമാര്‍ കോടതിയില്‍ ചൂണ്ടിക്കാണിക്കാന്‍ പോകുന്നത്. ഇപ്പോഴത്തെ തീരുമാനത്തിലൂടെ സര്‍ക്കാര്‍ കൂടുതല്‍ അപകടത്തിലേക്കാണ് നീങ്ങുന്നതെന്നും നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കുക ചീഫ് സെക്രട്ടറി കൂടിയായ നിളിനി നെറ്റോയെ ആയിരിക്കും. തനിക്കെതിരെ നളിനി വ്യാജരേഖ ചമച്ചു എന്ന കടുത്ത ആരോപണമാണ് സെന്‍കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. വീണ്ടും കോടതിയില്‍ പോകുമ്പോള്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്യും. കൂടാതെ നഷ്ടപ്പെട്ട ദിനങ്ങള്‍ കൂടി് നല്‍കണമെന്ന് വാദിക്കാനും സെന്‍കുമാറിന് നീക്കമുണ്ട്. കേസിന്റെ വിചാരണാ വേളയില്‍ ഇക്കാര്യം ശക്തമായി ഉന്നയിച്ചിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം വിധിക്കെതിരെ റിവിഷന്‍ ഹര്‍ജി നല്‍കണോയെന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണ്. വീണ്ടും കോടതിയെ സമീപിക്കണമെന്നാണു നിയമോപദേശമെങ്കില്‍ സര്‍ക്കാരിനു കനത്ത തിരിച്ചടിക്കു സാധ്യതയുണ്ടെന്നു നിയമവിദഗ്ദ്ധര്‍ പറയുന്നു. സുപ്രീം കോടതി വിധി അനുസരിക്കുകയെന്ന എളുപ്പവഴി മാത്രമാണു സര്‍ക്കാരിനു മുന്നിലുള്ളതെന്നും അവര്‍ വ്യക്തമാക്കുന്നു.

രണ്ടു കാര്യങ്ങളാണു സുപ്രീം കോടതി വിധിക്കുശേഷം സെന്‍കുമാറിന്റെ നിയമന വിഷയത്തില്‍ ഉണ്ടായിരിക്കുന്നത്. വിധി വന്നയുടന്‍, അതിന്റെ അടിസ്ഥാനത്തില്‍ തന്നെ ഡിജിപിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. വിധിയുടെ പകര്‍പ്പും ഒപ്പം നല്‍കിയിരുന്നു. എന്നാല്‍, നാലു ദിവസം പിന്നിടുമ്പോഴും ഒരു നടപടിയും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി, റിവിഷന്‍ ഹര്‍ജി നല്‍കണോയെന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. റിവിഷന്‍ ഹര്‍ജി നല്‍കേണ്ടതില്ല എന്നാണു നിയമോപദേശമെങ്കില്‍ സര്‍ക്കാരിനു കോടതിവിധി നടപ്പിലാക്കേണ്ടിവരും. അല്ലെങ്കില്‍ നിയമോപദേശം മറികടന്നു സര്‍ക്കാരിനു സുപ്രീം കോടതിയെ സമീപിക്കാം. ഇതു സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിവിടാനിടയുണ്ട്.

കര്‍ണാടക സര്‍ക്കാരിനെതിരെയുള്ള കോടതിവിധിയാണു നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍വീസ് സംബന്ധമായ വിഷയത്തില്‍ നീതി തേടി കോടതിയെ സമീപിച്ച ഉദ്യോഗസ്ഥന് അനുകൂലമായി സുപ്രീം കോടതി നിലപാടെടുത്തു. എന്നാല്‍, ഉത്തരവു നടപ്പിലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായില്ല. ഉദ്യോഗസ്ഥന്‍ വീണ്ടും കോടതിയെ സമീപിച്ചു. ഉത്തരവു നടപ്പിലാക്കേണ്ട ബാധ്യതയുണ്ടായിരുന്ന കര്‍ണാടക അഡീ. ചീഫ് സെക്രട്ടറിക്കു ജയിലില്‍ പോകേണ്ടിവന്നു. ഇവിടെയും സമാന സാഹചര്യം ഉണ്ടാകാമെന്നാണു വിലയിരുത്തല്‍. സെന്‍കുമാറിനെ ഡിജിപി തസ്തികയില്‍നിന്ന് മാറ്റാന്‍ അന്നത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഇടപെട്ടു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നളിനി നെറ്റോ ഇപ്പോള്‍ ചീഫ് സെക്രട്ടറിയാണ്. അവര്‍ക്കാണ് പുനര്‍നിയമനത്തിനായി സെന്‍കുമാര്‍ അപേക്ഷ നല്‍കിയിരിക്കുന്നതും. നിയമനം വൈകുകയും സെന്‍കുമാര്‍ വീണ്ടും കോടതിയെ സമീപിക്കുകയും ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്കു നടപടി നേരിടേണ്ട സാഹചര്യം ഉണ്ടാകാം.

ഇപ്പോഴത്തെ കോടതി നടപടി പുനപരിശോധിക്കുന്നതിന് സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ 30 വരെയാണ് സെന്‍കുമാറിന്റെ കാലാവധി. സെന്‍കുമാറിന് ഉടനടി നിയമനം നല്‍കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്. സമയം നീട്ടികൊണ്ടുപോകുന്നത് അപകടമാകും. വീണ്ടും സര്‍ക്കാര്‍ കോടതിയെ സമീപിച്ചാല്‍ ഹിയറിങ്ങിനുപോലും സാധ്യത കാണുന്നില്ലെന്നാമ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.

തന്റെ സര്‍വീസ് കാലയളവു നഷ്ട്ടപ്പെട്ടെന്നും നടപടി വേണമെന്നും സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ കോടതി പ്രത്യേക അഭിപ്രായം പറഞ്ഞില്ല. സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിച്ചു കോടതിയെ പ്രകോപിപ്പിക്കുകയും സെന്‍കുമാര്‍ കോടതിയെ വീണ്ടും സമീപിക്കുകയും ചെയ്താല്‍ സെന്‍കുമാറിനു നഷ്ടപ്പെട്ട സര്‍വീസ് കാലയളവ് തിരിച്ചുനല്‍കണമെന്നു കോടതിക്കു നിര്‍ദ്ദേശിക്കാവുന്നതാണ്. അതു വീണ്ടും സര്‍ക്കാരിനു തിരിച്ചടിയാകും.

അതേസമയം ടി.പി. സെന്‍കുമാറിനെ പുനഃസ്ഥാപിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ഒരുതരത്തിലും മറികടക്കാനാവില്ലെന്നു വന്നതോടെ സര്‍ക്കാര്‍ അയയുന്നു എന്ന സൂചനയുമുണ്ട്. സെന്‍കുമാറിന്റെ കാര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സര്‍വീസ് കാലയളവ് സര്‍ക്കാര്‍ മനഃപൂര്‍വം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചാല്‍, ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റിനിറുത്തിയ പതിനൊന്നു മാസം അധികമായി അനുവദിക്കാനുമിടയുണ്ട്. ഈ സാഹചര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെയും സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെയും ഉപദേശം സ്വീകരിച്ച് സെന്‍കുമാറിന് നിയമനം നല്‍കാനാണ് സാദ്ധ്യത.
സുപ്രീംകോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ വിധി നടപ്പാക്കുന്നതിനെക്കുറിച്ചും പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെക്കുറിച്ചും തീരുമാനമെടുക്കാന്‍ ഒരാഴ്ച വരെ ന്യായമായ സാവകാശം സര്‍ക്കാരിന് തേടാവുന്നതേയുള്ളൂ. കഴിഞ്ഞ തിങ്കളാഴചയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശും ഹരീഷ് സാല്‍വെയുമായി ഇന്നലെ ഡല്‍ഹിയില്‍ ചര്‍ച്ചനടത്തി. എ.ജിയുടെ ഉപദേശം ലഭിച്ചാലുടന്‍ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ധാരണ.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് 2016 മെയ് 30 നാണ് സെന്‍കുമാറിനെ മാറ്റുന്നത്. തന്നെ മാറ്റിയതിനെതിരെ ജൂണ്‍ രണ്ടിനു സെന്‍കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനു പരാതി നല്‍കി. സെന്‍കുമാറിനെ മാറ്റിയ നടപടി ശരിവച്ച ട്രിബ്യൂണല്‍ ഉത്തരവില്‍ ഇടപെടില്ലെന്ന് 2017 ജനുവരി 25ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഫെബ്രുവരി 15നു സെന്‍കുമാറിനെ ഐഎംജി ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചു. ഫെബ്രുവരി 26 നു ഹൈക്കോടതി തീരുമാനത്തിനെതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഏപ്രില്‍ 24നു സെന്‍കുമാറിനെ തിരിച്ചെടുക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

Top