ബിജെപിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും മുന്നണികള്‍ക്ക് ചരിത്രപരാജയം സംഭവിക്കുമെന്നും പി.കെ.കൃഷ്ണദാസ്

കണ്ണൂര്‍:ബിജെപിക്ക് ചരിത്ര വിജയം ഉണ്ടാകുമെന്നും മുന്നണികള്‍ക്ക് ചരിത്രപരാജയം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് നടക്കും മുമ്പ് തന്നെ തോല്‍വി സമ്മതിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് ബിജെപി നേതൃത്വം നല്‍കുന്ന മൂന്നാം ശക്തിയെ ദുര്‍ബലപ്പെടുത്തി ഇല്ലാതാക്കാന്‍ തുടക്കത്തില്‍ തന്നെ ഇടത്-വലത് മുന്നണികള്‍ ശ്രമം ആരംഭിച്ചിരുന്നു. പ്രമാദമായ കേസുകള്‍ അന്വേഷിച്ചാല്‍ വെളളാപ്പളളിയല്ല ആദ്യം ജയിലില്‍ പോകേണ്ടി വരിക സിപിഎമ്മിന്റെ ഉന്നത നേതാക്കളായ പിണറായി വിജയനും വിഎസ് അച്യുതാനന്ദനുമായിരിക്കും. ടി.പി.വധത്തിലെ ഗൂഢാലോചന അന്വേഷിച്ചാല്‍ പിണറായിയും കൃഷ്ണപിളള സ്മാരക മന്ദിരം തീവെച്ച കേസ് അന്വേഷിച്ചാല്‍ വിഎസും ജയിലില്‍ പോകേണ്ടിവരും. എന്നാല്‍ ഇത്തരം കേസുകളിലെല്ലാം സിപിഎമ്മും കോണ്‍ഗ്രസും നടത്തിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി തുടരന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ദാക്ഷിണ്യത്തിലാണ് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ നാട്ടിലിറങ്ങി നടക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
പതിനെട്ട് മാസം മുമ്പ് രാജ്യത്തുണ്ടായ ഐതിഹാസിക മാറ്റത്തിന് സമാനമായ മാറ്റം തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലും സംഭവിക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബിന്റെ മുഖാമുഖം 2015 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 55 വര്‍ഷക്കാലത്തിലധികമായി കേരളത്തില്‍ ദുര്‍ഭരണവും കൊളളയും അഴിമതിയും നടത്തികൊണ്ടിരിക്കുന്ന ഇടത്-വലത് മുന്നണികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ നല്‍കും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വെളളാപ്പളളിയുടെ വീട്ടില്‍ പോയി സാഷ്ടാംഗം നമസ്‌ക്കരിച്ച് വോട്ടഭ്യര്‍ത്ഥിച്ച കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ വെളളാപ്പളളി വര്‍ഗ്ഗീയവാദിയും കൊലപാതകിയുമായി മാറിയത് എങ്ങനെയെന്ന് വ്യക്തമാക്കണം. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ മുന്നേറ്റത്തെ തടയിടാനും ഭൂരിപക്ഷ കൂട്ടായ്മ ഇല്ലാതാക്കാനും സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ചേര്‍ത്തിണക്കി കൊണ്ട് കേരളത്തില്‍ ഒരു കൂറുമുന്നണി രൂപപ്പെട്ടിട്ടുണ്ട്. ബീഫിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ശുദ്ധതട്ടിപ്പാണ്. മണ്ഡലകാലത്തു പോലും ബീഫിന് നിരോധനമില്ലാത്ത നാട്ടില്‍ ഇഷ്ടമുളളവര്‍ക്ക് വില്‍ക്കുകയും ഭക്ഷിക്കുകയും ചെയ്യാമെന്നിരിക്കെ കേരളത്തിലെ ക്യാമ്പസുകളില്‍ ബീഫ് ഫെസ്റ്റ് നടത്തി വിഭാഗീയതയുണ്ടാക്കി ന്യൂനപക്ഷത്തിന്റെ വോട്ടുതട്ടാനുളള ശ്രമമാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പരിപാടിയില്‍ സംബന്ധിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍സിപി രഞ്ചിത്ത് സ്വാഗതവും ട്രഷറര്‍ പ്രശാന്ത് പുത്തലത്ത് നന്ദിയും പറഞ്ഞു.

Top