കണ്ണൂര്‍: ലൈംഗീക അതിക്രമ പരാതിയില്‍ പി.കെ ശശി എംഎല്‍എക്കെതിരെ സിപിഎം നടപടി ഉണ്ടാകില്ലെന്ന് സൂചന. സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ പി.കെ ശശിക്ക് അനുകൂലമായിട്ടാണെന്ന് റിപ്പോര്‍ട്ട്. അന്വേഷണ കമ്മീഷനു മുന്‍പാകെ 11 പേര്‍ വനിതാ സഖാവിന് എതിരെ മൊഴി പറഞ്ഞതായി വ്യക്തമായി.
ഒരു ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പടെ രണ്ടു പേര്‍ മാത്രമാണ് വനിതാ സഖാവ് നേരിട്ട ലൈംഗിക അതിക്രമം സത്യമാണ് എന്ന് മൊഴി നല്‍കിയത്. ജില്ലയിലെ വിഭാഗീയതയുടെ ഭാഗമായി സിഐടിയു ജില്ലാ പ്രസിഡന്റും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ശശിക്കെതിരെ നുണയാണ് വനിതാ സഖാവ് പ്രചരിപ്പിച്ചത് എന്നാണ് ഡിവൈഎഫ്ഐ നേതാക്കളടക്കം നല്‍കിയത് എന്നാണ് വ്യക്തമാകുന്നത്. ഡിവൈഎഫ്ഐയുടെ നേതാവാണ് വനിത. സ്വന്തം സഹപ്രവര്‍ത്തകരായ ഡിവൈഎഫ്ഐക്കാരടക്കം എതിരെ മൊഴി നല്‍കിയ വിവരം അറിഞ്ഞതിന്റെ ഞെട്ടലിലാണ് വനിതാ സഖാവ്.
അതേസമയം, വനിതാ സഖാവിന്റെ ലോക്കല്‍ കമ്മറ്റി ഇപ്പോഴും ശശിക്കെതിരെ നടപടി എടുക്കണം എന്നതില്‍ ഉറച്ചു നില്‍ക്കുന്നു. വനിതാ സഖാവിന്റെ നാട് പാര്‍ട്ടി ഗ്രാമമാണ്. പാര്‍ട്ടിയെ സമൂഹമധ്യത്തില്‍ ഇകഴ്ത്തുകയാണ് യുവതി ചെയ്തത് എന്ന നിലയ്ക്ക് ഒറ്റപ്പെടുത്തല്‍ ആരംഭിച്ചിട്ടുണ്ട്.
മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചുള്ള വനം- മണല്‍ മാഫിയ പി കെ ശശിക്ക് അനുകൂലമായി രംഗത്തുണ്ട്. പ്രബലമായ മാഫിയ സംഘമാണ് ഇവര്‍. അട്ടപ്പാട്ടിയില്‍ നിന്നുള്ള ചന്ദനം, കുന്തി- തൂതപ്പുഴകളില്‍ നിന്നുള്ള മണല്‍ എന്നിവയുടെ കള്ളക്കടത്താണ് ഇവരുടെ സാമ്പത്തിക സ്രോതസ്. ഇതോടൊപ്പം മണ്ണാര്‍ക്കാടുള്ള ഒരു സഹകരണ ബാങ്കിന്റെ ചുമലയുള്ള ബന്ധുവും കാര്യങ്ങള്‍ ശശിക്ക് അനുകൂലമാക്കാന്‍ ശാക്തമായി ഇടപെടുകയാണ്.
പാര്‍ട്ടിയില്‍ നിന്നും നീതിയുണ്ടാകും എന്ന പ്രതീക്ഷ നിലവില്‍ വനിതാ സഖാവിനും കുടുംബത്തിനും നഷ്ടപ്പെട്ടതായാണ് വിവരം. എംബി രാജേഷ് എംപിയടക്കം പി കെ ശശിക്കെതിരായ പരാതിയിലെ സത്യം ബോധ്യപ്പെട്ട് വനിതയ്ക്ക് ഒപ്പമുണ്ട്. പാര്‍ട്ടിയുടെ പാലക്കാട്ടെ സാമ്പത്തിക ഉറവിടങ്ങളുടെ താക്കോല്‍ സ്ഥാനത്തുള്ള ശശിക്കെതിരെ നീങ്ങാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ല എന്നു വ്യക്തമാണ്.
അമേരിക്കയില്‍ നിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ മുന്നില്‍ എത്തിയാല്‍ ശശിക്ക് എതിരായ പരാതി സംബന്ധിച്ച ചോദ്യം ഉയരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന നേതൃത്വവും ശശിക്കെതിരെ പരാതിയുണ്ട് എന്ന വിവരം സ്ഥിരീകരിച്ചതാണ്. മന്ത്രി എ.കെ ബാലനും പികെ ശ്രീമതിയും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് തെളിവെടുപ്പ് നടത്തുന്നത്. നിലവില്‍ പാര്‍ട്ടി- ഔദ്യോഗിക പരിപാടികളില്‍ നിന്ന് ശശി ഒഴിഞ്ഞു കഴിയുകയാണ്. മണി- മസില്‍ പവറിലൂടെ ശശി പാര്‍ട്ടിയില്‍ നടപടിയില്ലാതെ ഘട്ടം വന്നാല്‍ പൊലീസിനു പരാതി നല്‍കും എന്ന സൂചന വനിതാ സഖാവ് വ്യക്തമാക്കി കഴിഞ്ഞു.