പാര്‍ട്ടി ഓഫീസില്‍ വച്ച് കടന്നു പിടിച്ചു, ലൈംഗീകമായി വഴങ്ങാന്‍ നിരന്തരം ഭീഷണി: പരാതി കടുത്തത്; പരിപാടികള്‍ റദ്ദാക്കി പി.കെ ശശി

കൊച്ചി: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗീകരോപണ വിവാദം രൂക്ഷമാകുന്നു. യുവതിയുടെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നതിനെത്തുടര്‍ന്നാണ് സംഭവം സിപിഎമ്മിനകത്ത് തീരാത്തതായത്. പി.കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. പരാതി ഉതുക്കിത്തീര്‍ക്കാന്‍ പതിനെട്ടടവും പയറ്റിയിട്ടും യുവതി പിന്മാറാത്തതാണ് പാര്‍ട്ടിയെ കുരുക്കുന്നത്.

നടപടി എടുക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ പി.കെ. ശശിയുടെ പൊതുപരിപാടികള്‍ പാര്‍ട്ടിതന്നെ ഇഠപെട്ട് റദ്ദാക്കി. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.കെ. ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ സിപിഐഎം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാണ് ശശിക്ക് താക്കീത് രൂപേണ നിര്‍ദ്ദേശം നല്‍കിയത്. ശശിക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഐഎം എ.കെ. ബാലന്‍, പി.കെ. ശ്രീമതി എന്നിവരെ നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയത്.

ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ യുവതിയുടെ പരാതിയുടെ വിശദാംശങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പോലീസ് അന്വേഷിക്കേണ്ട കടുത്ത കുറ്റമാണ് പി.കെ ശശി ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ നിന്നും ബോധ്യപ്പെടാവുന്നതാണ്. ഇതേ പരാതി ലഭിച്ചിട്ടും ചെറുവിരലനക്കാത്ത ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ കുറ്റകൃത്യത്തെ മറച്ച് വയ്ക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം വ്യാപകമായി ഉയരുകയാണ്.

പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നത് ഇങ്ങനെ: ‘സിപിഐമ്മിന്റെ പാലക്കാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് എന്നെ ശശി മണ്ണാര്‍കാട് പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. വനിതാ വോളന്റിയര്‍മാരുടെ ചുമതല എന്നുപറഞ്ഞാണ് വിളിപ്പിച്ചത്. രണ്ടുമൂന്നുതവണ ഇക്കാര്യം സംസാരിക്കാന്‍ പാര്‍ട്ടി ഓഫീസിലേക്ക് പോയി. എന്നെ ഏല്‍പ്പിച്ച ചുമതലകള്‍ ഞാന്‍ ഭംഗിയായി നിര്‍വഹിച്ചു.

ഒരുദിവസം ഞാന്‍ ചെന്നപ്പോള്‍ വനിതാ വോളന്റിയര്‍മാര്‍ക്ക് യൂണിഫോം വാങ്ങാന്‍ പണം എന്നെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചു. പണം വാങ്ങാന്‍ ഞാന്‍ വിസമ്മതിച്ചു. എന്നാല്‍ നിര്‍ബന്ധിച്ച് പണം നല്‍കാന്‍ ശശി ശ്രമിച്ചു.

തൊട്ടടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ എന്നെ കടന്നുപിടിച്ചു. ഞാന്‍ മുറിയില്‍നിന്ന് ഇറങ്ങിയോടി. എനിക്ക് കടുത്ത മാനസിക വിഷമവും സമ്മര്‍ദ്ദവുമുണ്ടായി.

അതിനടുത്ത ദിവസം വനിതാ നേതാക്കള്‍ക്കൊപ്പം ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങളില്‍ നില്‍ക്കുമ്പോള്‍ ശശി അടുത്തെത്തി. ‘എനിക്ക് മുഖലക്ഷണം അറിയാം, സഖാവിന്റെ മുഖം കണ്ടിട്ട് നല്ല ടെന്‍ഷന്‍ ആണെന്ന് തോന്നുന്നു. അത് ഉടന്‍ മാറും’ ശശി പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല.

ശശിയില്‍ നിന്നും പരമാവധി ഞാന്‍ ഒഴിഞ്ഞുമാറി. ഞാന്‍ അടുത്ത ചില സുഹൃത്തുക്കളോടും സഖാക്കളോടും ഇക്കാര്യം പറഞ്ഞു. പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ വിവാദമാക്കേണ്ട എന്ന് ചിലര്‍ ഉപദേശിച്ചു. ഇനി ഇങ്ങനെ ഉണ്ടാവുകയാണെങ്കില്‍ പാര്‍ട്ടിയില്‍ പരാതി നല്‍കി നടപടി എടുപ്പിക്കാം എന്ന് ഉറപ്പുനല്‍കി.

പിന്നെ കുറച്ചുകാലത്തേക്ക് ശശിയുടെ ശല്യം ഉണ്ടായില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം ശശി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താനാരംഭിച്ചു. ഭീഷണി, പ്രലോഭനം, വശീകരണം എന്നിവ ഉണ്ടായി. വഴങ്ങിയാലുള്ള ഗുണങ്ങളേക്കുറിച്ച് പറഞ്ഞു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ പോകാന്‍ പോലും എനിക്ക് ഭയമായി”, യുവതി പരാതിയില്‍ പറയുന്നു.

Top