ശശിക്കെതിരായ പരാതിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമം; സമീപിച്ചത് അന്വേഷണ സംഘത്തിലെ മന്ത്രിയുടെ അടുപ്പക്കാരനായ ഉന്നത ഉദ്യോഗസ്ഥന്‍

എം.എല്‍എ. പി.കെ. ശശിക്കെതിരായ ലൈംഗീക അതിക്രമ പരാതി തേച്ചുമാച്ച് കളയാന്‍ സിപിഎമ്മില്‍ ശ്രമം. പാര്‍ട്ടി നടപടി ആവശ്യപ്പെട്ട പരാതിക്കാരി പോലീസിനെ സമീപിക്കുന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. പരാതിയിന്മേല്‍ അന്വേഷണം നടത്തുന്ന മന്ത്രി അടങ്ങുന്ന സംഘം തെളിവെടുപ്പ് പോലും പൂര്‍ത്തിയാക്കാത്തത് സംഭവം അട്ടിമറിക്കുന്നതിനാണെന്ന സംശയം ബലപ്പെടുന്നു.

ഇതിനിടയില്‍ പരാതിനല്‍കിയ വനിതാനേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ ശ്രമം നടന്നു. അന്വേഷണക്കമ്മിഷന്‍ അംഗമായ മന്ത്രിയുടെവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത്തരമൊരാവശ്യവുമായി യുവതിയെ കണ്ടത്. പൊതുസമൂഹത്തില്‍ എം.എല്‍.എ.യ്ക്ക് ഇപ്പോള്‍ത്തന്നെ വേണ്ട ശിക്ഷകിട്ടിയെന്നും അതുകൊണ്ട് പാര്‍ട്ടിതലത്തില്‍ കടുത്തനടപടി വേണ്ടാത്ത തലത്തിലേക്ക് മൊഴിയില്‍ ചില മാറ്റംവരുത്തണമെന്നുമാണ് ആവശ്യം. എന്നാല്‍, യുവതി ഇത് അംഗീകരിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.കെ. ശശി എം.എല്‍.എ.യെ ഏരിയാതലത്തിലേക്ക് തരംതാഴ്ത്തി നടപടി ഒതുക്കിത്തീര്‍ക്കാനാണ് ഒരുവിഭാഗത്തിന്റെ ശ്രമം. എന്നാല്‍, സെപ്റ്റംബര്‍ 14-ന് പരാതിക്കാരി അന്വേഷണക്കമ്മിഷന് മുമ്പാകെ കൊടുത്ത മൊഴി ശക്തമാണ്. ഈ മൊഴിയുമായി മുന്നോട്ടുപോയി അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കടുത്തനടപടി എടുക്കേണ്ടിവരും.

പാര്‍ട്ടിയില്‍ വിശ്വാസമാണെന്നുപറഞ്ഞ് പോലീസിലോ മറ്റെവിടെയുമോ പരാതിയുടെ ഉള്ളടക്കംപോലും നല്‍കാതെ ഉറച്ചുനില്‍ക്കയാണ് യുവതി. ഇതേത്തുടര്‍ന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഒത്തുതീര്‍പ്പുശ്രമവുമായി 15-ന് യുവതിയെ കണ്ടത്. അതിനിടെ, വിഷയത്തില്‍ നാലുപേരുടെ മൊഴി പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷന്‍ തിങ്കളാഴ്ച എടുക്കുമെന്ന് സൂചനയുണ്ട്.

ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗങ്ങളായ രണ്ടുപേരില്‍നിന്നും കാഞ്ഞിരപ്പുഴയിലെ രണ്ട് സി.പി.എം. പ്രാദേശിക നേതാക്കളില്‍നിന്നുമാണ് മൊഴിയെടുക്കുകയെന്ന് അറിയുന്നു. ഡി.വൈ.എഫ്.ഐ. നേതാക്കളെപ്പറ്റി യുവതി പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ പെണ്‍കുട്ടിയുടെ പരാതിക്ക് അനുകൂലമായ സാക്ഷിമൊഴികളാവും ഇവരില്‍നിന്നുണ്ടാകുക.

പി.കെ. ശശി നല്‍കിയ വിശദീകരണവുമായി ബന്ധപ്പെട്ടാണ് മറ്റ് രണ്ടുപേരില്‍നിന്ന് മൊഴിയെടുക്കുക. ഇവര്‍ ശശിയുടെ വാദത്തിന് അനുകൂലമായാവും നില്‍ക്കുക. യുവതിക്ക് യോജിപ്പില്ലാത്ത ഒരു നടപടിയെടുക്കുകയെന്നത് അത്ര എളുപ്പമല്ല. ശബ്ദരേഖയുള്‍പ്പെടെ ശക്തമായ തെളിവുകള്‍ പക്കലുണ്ട്. ഇത് കൈമാറിയിട്ടുമുണ്ട്. ഇത് പുറത്തുവന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നത് പാര്‍ട്ടിക്ക് ദോഷകരമാകുമെന്നതിനാലാണ് അനുനയനീക്കം.

എന്നാല്‍, ശശിക്കെതിരായി ആരോപണമുന്നയിച്ച വനിതാനേതാവിനെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സി.പി.എം. അന്വേഷണക്കമ്മിഷന്‍ അംഗംകൂടിയായ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഇതേപ്പറ്റി ഒരറിവുമില്ല. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top