പീഡന ഫാദറിന്റെ കേസ്സൊതുക്കാന്‍ അണിയറയില്‍ ശ്രമം; കുഞ്ഞിനെ മാറ്റി ഡിഎന്‍എ ഫലം നെഗറ്റീവാക്കി രക്ഷിക്കാന്‍ പദ്ധതി; പെണ്‍കുട്ടിയെ കുറ്റവാളിയാക്കിയ ലേഖനം സഭ ഫാദറിനെ രക്ഷിക്കാനുള്ള ശ്രമത്തിന് തെളിവ്‌

കണ്ണൂര്‍: പീഡന ഫാദര്‍ റോബിന്‍ വടക്കുംചേരി പോലീസിനോട് കുറ്റസമ്മതം നടത്തിയതിന് ശേഷവും കേസ്സ് ഒതുക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡി.എന്‍.എ. പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ തിരിമറിനടക്കാനുള്ള സാധ്യതയാണ് മുന്നില്‍ക്കാണുന്നത്. പ്രത്യകിച്ചും സഭതന്നെ രഹസ്യമായി റോബിനിനെ സഹായിക്കുന്നെന്ന് സംശയിക്കുന്ന ഈ അവസരത്തില്‍. സഭയുടെ തന്നെ വെബ്‌സൈറ്റില്‍ പെണ്‍കുട്ടിയാണ് പീഡനത്തിന് കാരണക്കാരി എന്ന രീതിയില്‍ ലേഖനം വന്നത് സഭ കേസ്സ് ഒതുക്കാന്‍ നോക്കുന്നു എന്ന സംശയം ബലപ്പെടുത്തുന്നു.

ഇപ്പോള്‍ പട്ടുവത്തെ സര്‍ക്കാര്‍ അനാഥമന്ദിരത്തില്‍ കഴിയുന്ന കുഞ്ഞിന്റെയും റിമാന്‍ഡില്‍ കഴിയുന്ന വൈദികന്റെയും രക്തസാമ്പിളുകള്‍ ശേഖരിച്ചാണു പരിശോധന നടത്തുക. എന്നാല്‍, പരിശോധന ഭയന്ന് കുഞ്ഞിനെ ചിലര്‍ മാറ്റിയതായിട്ടാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നത്. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ച ഉടന്‍ ചോരക്കുഞ്ഞിനെ മാനന്തവാടി രൂപതയുടെ കീഴിലുള്ള വയനാട്ടിലെ അനാഥാലയത്തില്‍ എത്തിച്ചിരുന്നു. 12 ദിവസത്തിനുശേഷമാണ് കുഞ്ഞിനെ ഇവിടെനിന്നു പേരാവൂര്‍ പൊലീസ് രക്ഷപ്പെടുത്തി കൊട്ടിയൂര്‍ പട്ടുവത്തെ സര്‍ക്കാര്‍ അനാഥാലയത്തില്‍ എത്തിച്ചത്. ഇതിനിടെയില്‍ കുഞ്ഞിനെ മാറ്റാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ അന്വേഷണം വയനാട്ടിലേക്കും വ്യാപിപ്പിച്ചു. അന്വേഷണ സംഘം വയനാട് ജില്ലയില്‍ രണ്ട് സ്ഥാപനങ്ങളില്‍ പരിശോധനയും തെളിവെടുപ്പും നടത്തി. വൈത്തിരിയിലെ അനാഥമന്ദിരത്തിലും ശിശുക്ഷേമ സമിതിയുടെ കമ്പളക്കാട് ഓഫീസിലും പേരാവൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. രണ്ട് സ്ഥാപനത്തിലെയും ഓഫീസ് രേഖകള്‍ അന്വേഷണ ഉേദ്യാഗസ്ഥര്‍ പരിശോധിച്ചു. കുട്ടിയെ പ്രവേശിപ്പിക്കുന്നതിനുമുന്‍പ് ഇതിനായി ശുപാര്‍ശ നല്‍കിയവര്‍, കുട്ടിയെ സ്ഥാപനത്തില്‍ എത്തിച്ചവര്‍, സ്ഥാപനത്തിന് നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടിക്കടുത്ത ഒരു സന്യാസിനി സമൂഹത്തിന്റെ ഓഫീസിലും എത്തി മൊഴി രേഖപ്പെടുത്തി. സ്ഥാപന മേധാവികളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ തെളിവെടുപ്പ് നടത്തും.

രൂപതയുടെ പി.ആര്‍.ഒ: ഫാ. തോമസാണ് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍. ഈ കമ്മിറ്റി അംഗമായ കന്യാസ്ത്രീക്കാണ് അനാഥാലയത്തിന്റെ ചുമതല. ഇവര്‍ രണ്ടുപേരും നേരത്തേ തന്നെ വൈദികനെ രക്ഷിക്കാന്‍ ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആശങ്ക എത്തുന്നത്. കുട്ടിയെ മാറ്റിയിട്ടുണ്ടെങ്കില്‍ ഡി.എന്‍.എ. പരിശോധനാഫലം പ്രതിക്ക് അനുകൂലമാകും. ഇതോടെ, കേസ് തള്ളാമെന്ന ആശങ്കയുണ്ട്. എന്നാല്‍ കുട്ടിയുടേയും അമ്മയുടേയും ഡിഎന്‍എ പരിശോധിച്ചാല്‍ ഇതിലെ കള്ളക്കളി പൊളിയും. അത് പ്രസവം നടന്ന ക്രിസ്തുരാജാ ആശുപത്രിയെ പോലും വെട്ടിലാക്കും. അതുകൊണ്ട് റോബിന്റേയും കുട്ടിയുടേയും ഡിഎന്‍എ പരിശോധനാ ഫലത്തില്‍ അസ്വാഭാവികത കണ്ടാല്‍ കുട്ടിയുടേയും അമ്മയുടേയും ഡിഎന്‍എ പരിശോധിക്കാനാണ് തീരുമാനം.

അതിനിടെ കുട്ടിയെ മാറ്റിയെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് പൊലീസ് വ്യക്തമായ അന്വേഷണം നടത്തുമെന്നാണ് സൂചന. കുഞ്ഞിനെ അനാഥാലത്തില്‍ എത്തിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നാണ് നിയമം. ഇതു അധികൃതര്‍ പാലിച്ചില്ല. ഇതിന് വൈത്തിരിയിലെ അനാഥാലയം മറുപടി നല്‍കേണ്ടി വരും. അതിനിടെ അമ്മയുടെയും കുഞ്ഞിന്റെയും രക്തസാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചു. പോക്സോ നിയമപ്രകാരം അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുടെ രക്തസാമ്പിളും ശേഖരിക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള തളിപ്പറമ്പ് പട്ടുവത്തെ അനാഥ മന്ദിരത്തിലെത്തിയാണ് പേരാവൂര്‍ സി.ഐ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അമ്മയുടെയും കുഞ്ഞിന്റെയും രക്തസാമ്പിള്‍ ശേഖരിച്ചത്.

അനധികൃതമായി നവജാതശിശുവിനെ പാര്‍പ്പിച്ച വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരി കോണ്‍വെന്റ് ശിശുഭവനെതിരെ പൊലീസ് കേസെടുത്തു. ഒരാഴ്ച പോലും പ്രായമില്ലാത്ത നവജാതശിശുവിനെ കൊണ്ടു വന്നിട്ടും പൊലീസിനെയോ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയോ അറിയിക്കാതെ മറച്ചു വച്ചതിനാണ് കേസ്.

ഫെബ്രുവരി ഏഴിനാണ് പ്രായപൂര്‍ത്തിയാകാത്ത പ്ലസ്് ടു വിദ്യാര്‍ത്ഥിനി കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചോരക്കുഞ്ഞിനെ അഞ്ചാംദിവസം പെണ്‍കുട്ടിയുടെ മാതാവും വല്യമ്മയും ചേര്‍ന്ന് വൈത്തിരിയിലെ സ്ഥാപനത്തിലെത്തിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കകം കുഞ്ഞിനെ തിരികെ കൊണ്ടുപോകുമെന്ന് ഉറപ്പ് നല്‍കിയതായി പറയുന്നു. ശിശുഭവനില്‍ കുഞ്ഞിനെ എത്തിച്ച വിവരം 20 നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയോ ,പൊലീസിനെ അറിയിക്കുകയോ ചെയ്യാതെ കുട്ടിയെ ഏറ്റെടുത്തത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രസവ വിവരം മറച്ചുവച്ചതിനു കൂത്തുപറമ്പു ക്രിസ്തുരാജ ആശുപത്രിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കുറിച്ചു പൊലീസ് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.

സംസ്ഥാന ഡിജിപിയും കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദ്ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ 24 മണിക്കൂറിനകം ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും അറിയിക്കണമെന്നാണു ചട്ടം. വൈദികന്റെ ലാപ്ടോപ്പും പെന്‍ഡ്രൈവും കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്നു പൊതുപ്രവര്‍ത്തകന്‍ പി.കെ.രാജു സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു. നിര്‍ധന പെണ്‍കുട്ടികളെ വൈദികന്‍ വിദേശത്ത് അയച്ചതു സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ അഭ്യര്‍ത്ഥിച്ചു.

Top