കൊച്ചി : രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നാവിക സേനയുടെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാരിൻറെ പ്രതിനിധിയായ വ്യവസായ മന്ത്രി പി രാജീവ്, സൈനിക മേധാവികൾ, കേന്ദ്ര മന്ത്രി വി മുരളീധരൻ, കൊച്ചി മേയർ എം അനിൽ കുമാർ, ചീഫ് സെക്രട്ടറി വി പി ജോയ്, ഹൈബി ഈഡൻ എംപി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കസവു മുണ്ടുടുത്ത് കേരളീയ വേഷത്തിലാണ് പ്രധാനമന്ത്രി എത്തിയത്.
നാവിക വിമാനത്താളത്തിൽ നിന്നും പ്രധാനമന്ത്രി കാൽ നടയായായണ് വെണ്ടുരുത്തി പാലത്തിലേക്ക് പോയത്. അവിടെ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. ഇരുപുറവും കാത്തു നിന്ന ജനങ്ങൾ പൂക്കൾ വാരിവിതറി. എസ് എച്ച് കോളേജ് ഗ്രൗണ്ടിലാണ് റോഡ് ഷോ അവസാനിക്കുക.കനത്ത ചൂടിനെ അവഗണിച്ച് റോഡിനിരുവശവുമായി ആയിരക്കണക്കിന് പേർ പ്രധാനമന്ത്രിയെ കാണാനായി തിങ്ങിക്കൂടിയിരുന്നു.
പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം മുഴക്കിയും ചെണ്ടമേളമടക്കമുള്ള വാദ്യങ്ങളോടും കൂടിയാണ് ജനങ്ങൾ നരേന്ദ്ര മോദിയെ സ്വീകരിച്ചത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ ഭാഗമായി റോഡ് ഷോ നടക്കുന്നിടത്തും നഗരത്തിലുടനീളവും ഏർപ്പെടുത്തിയിരിക്കുന്നത്.
എസ് എച്ച് കോളേജ് മൈതാനത്ത് തയ്യാറാക്കിയിരിക്കുന്ന പ്രത്യേക വേദിയലാണ് യുവം പരിപാടി നടക്കുന്നത്. വിവിധ കലാപരിപാടികൾ അരങ്ങേറുന്ന മൈതാനിയിൽ വെച്ച് പ്രധാനമന്ത്രി യുവജനങ്ങളുമായി സംവദിക്കും. ഏഴ് മണിക്ക് പ്രധാനമന്ത്രി താജ് ഹോട്ടലിലേക്ക് പോകും. അവിടെ വെച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കമുള്ള ക്രൈസ്തവ സഭാദ്ധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.