ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും.റോമിൽ 30, 31 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കായി റോമിലെത്തുന്പോൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനാണു മോദിയുടെ പരിപാടി.കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പയെ പ്രധാനമന്ത്രി ഔദ്യോഗികമായി ഇന്ത്യയിലേക്കു ക്ഷണിക്കുമെന്നാണു സൂചന.കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഐക്യരാഷ്ട്രസഭ നവംബർ ഒന്നിനു നടത്തുന്ന കോപ് -26 സമ്മേളനത്തിൽ പങ്കെടുക്കാനായി സ്കോട്ട്ല ൻഡിലെ ഗ്ലാസ്ഗോയിലേക്കു പോകുന്നതിനുമുന്പായി വത്തിക്കാനിലെത്തി മാർപാപ്പയെ കാണുകയാണു മോദിയുടെ പരിപാടി.
മാർപാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്കായി വിദേശകാര്യമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും വത്തിക്കാൻ കാര്യാലയവും തിരക്കിട്ട കൂടിയാലോചനകൾ തുടങ്ങി.മാർപാപ്പയും മറ്റു ലോകനേതാക്കളുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾക്കായി പ്രധാനമന്ത്രി വ്യാഴാഴ്ച റോമിലേക്ക് യാത്ര തിരിക്കും.
ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ്, ലോകത്തിന്റെ സമാധാന നായകന്റെ ഇന്ത്യയിലേക്കുള്ള വരവിനോട് ബിജെപി സർക്കാർ നേരത്തേ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിൽ പങ്കെടുക്കാനായി 2016 സെപ്റ്റംബർ നാലിന് വത്തിക്കാനിലെത്തിയപ്പോൾ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചിരുന്നു.
ഇന്ത്യയിലേക്കുള്ള ക്ഷണക്കത്ത് വിദേശകാര്യമന്ത്രി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും സന്ദർശന തീയതികൾ സംബന്ധിച്ച അനിശ്ചിതത്വത്തെത്തുടർന്നു പാപ്പായുടെ സന്ദർശനം ഉണ്ടായില്ല. തെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യം പരിഗണിക്കുമെന്നായിരുന്നു സൂചന.ഇതനുസരിച്ചാണ് ഇറ്റലി ആതിഥേയത്വം വഹിക്കുന്ന ജി20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്കായി റോമിലെത്തുന്പോൾ മാർപാപ്പയെ സന്ദർശിക്കാൻ തീരുമാനിച്ചത്.
ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതും ഇന്ത്യയിലേക്കു ക്ഷണിക്കുന്നതും മോദിയുടെ ആഗോള പ്രതിച്ഛായയ്ക്കു സഹായകമാകുമെന്നാണു വിലയിരുത്തൽ.ഇന്ത്യാ സന്ദർശനം വർഷങ്ങളോളം നീണ്ടതിനെത്തുടർന്ന് ഫ്രാൻസിസ് പാപ്പ 2017 നവംബറിൽ മ്യാൻമറിലും ബംഗ്ലാദേശിലും പിന്നീട് 2018 ഫെബ്രുവരിയിൽ യുഎഇയിലും സന്ദർശനം നടത്തി മടങ്ങി.ഒരു മാർപാപ്പയുടെ ചരിത്രത്തിലാദ്യത്തെ മ്യാൻമർ സന്ദർശനവും അറബ് രാജ്യത്തെ സന്ദർശനവും ദീപിക നേരിട്ടു റിപ്പോർട്ട് ചെയ്തിരുന്നു.ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും എത്രയും വേഗം അതിനു കഴിയുമെന്നുമാണു പ്രതീക്ഷയെന്നും ദീപിക ലേഖകന്റെ ചോദ്യത്തിനു മറുപടിയായി ഫ്രാൻസിസ് പാപ്പ പറഞ്ഞത് ആഗോള മാധ്യമങ്ങളിൽ വാർത്തയായിരുന്നു.