ബാലി : ചർച്ചയിലൂടെ റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്നും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു .അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ് തുടങ്ങിയവരെ ജി20 ഉച്ചകോടിക്കിടെ മോദി കണ്ടു.രണ്ടാം ലോകമഹായുദ്ധകാലത്തെ വിനാശം ജി20 ഉച്ചകോടിയിൽ നരേന്ദ്ര മോദി ഓർമ്മപ്പിച്ചു .
യുദ്ധം അവസാനിപ്പിച്ച് നയതന്ത്രതലത്തിൽ റഷ്യ – യുക്രൈൻ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ജി20 അധ്യക്ഷ പദവി ഏറ്റെടുക്കാനിരിക്കെ ഇന്ത്യ ആവർത്തിച്ചത് . രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കെടുതികൾ കണ്ട അക്കാലത്തെ നേതാക്കൾ സമാധാനത്തിനായി പ്രയത്നിച്ചു. ഇപ്പോൾ നമ്മുടെ ഊഴമാണെന്നായിരുന്നു ലോകനേതാക്കളോടുള്ള മോദിയുടെ ആഹ്വാനം. ബുദ്ധന്‍റെയും ഗാന്ധിയുടെയും നാട്ടിൽ അടുത്ത ഉച്ചകോടി നടക്കുന്പോൾ സമാധാനത്തിന്‍റെ ശക്തമായ സന്ദേശം നൽകാൻ ആകണമെന്നും മോദി പറഞ്ഞു.
അതേസമയം ജി20 ഉച്ചകോടിയിലെ അത്താഴവിരുന്നിൽ സൗഹൃദം പങ്കിട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെയാണ് രാജ്യതലവന്മാർ ഹസ്തദാനം നൽകി സൗഹൃദം പങ്കിടുന്നതിന്റെ വിഡിയോ പുറത്തുവന്നത്.
ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ആതിഥേയത്വം വഹിക്കുന്ന അത്താഴവിരുന്നിൽ മോദി ഷി ചിൻപിങ്ങിനോടു സംസാരിക്കുന്നതും ഹസ്തദാനം നൽകുന്നതുമായ വിഡിയോയാണ് പുറത്തുവന്നത്. ജി20 പ്രതിനിധികൾ ധരിക്കുന്ന പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ഇരുവരും എത്തിയത്.
2020ൽ കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രശ്നങ്ങൾക്കു ശേഷം ഇരു രാജ്യങ്ങളിലെ നേതാക്കളും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നില്ല. അതിനാലാണ് ഈ ദൃശ്യങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്നത്. നേരത്തെ സെപ്റ്റംബറിൽ നടന്ന ഷാങ്‌ഹായ് ഉച്ചകോടിയിൽ ഇരു നേതാക്കളും പങ്കെടുത്തിരുന്നെങ്കിലും സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റെയോ ഹസ്തദാനം നൽകുന്നതിന്റെയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നില്ല.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഇന്ത്യൻ വംശജൻ റിഷി സുനകിനേയും മോദി യോഗത്തിനിടെ കണ്ടു. ആഗോള വെല്ലുവിളി നേരിടാൻ ഐക്യരാഷ്ട്ര സഭക്ക് കഴിയുന്നില്ലെന്ന വിമർശനവും ഉച്ചകോടിയില്‍ മോദി ഉന്നയിച്ചു . അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി 20 സമ്മേളനത്തിന് നേതാക്കളെ ക്ഷണിക്കുന്നതും പ്രധാനമന്ത്രിയുടെ അജൻഡയിലുണ്ട്. ഡിസംബർ ഒന്നുമുതലാണ് ജി20 യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്. വ്ളാഡിമിർ പുടിൻ എത്താത്തിനാൽ യുക്രെയിൻ സംഘർഷം തീർക്കാനുള്ള ചർച്ചകൾ ബാലിയിൽ ഉണ്ടാകാനിടയില്ല.