പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷക്കും മുന്‍ഗണന.നോട്ട് റദ്ദാക്കലിനെ എതിര്‍ക്കുന്നവര്‍ കള്ളപ്പണത്തിന്റെ ആരാധകര്‍:പ്രധാനമന്ത്രി

ബംഗളൂരു:പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്രസര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ട്.പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗം:
•മുപ്പത് ദശലക്ഷം ഇന്ത്യക്കാരാണ് വിദേശത്തുള്ളത്.രാജ്യത്തിനായി അവര്‍ നല്‍കിയ സേവനങ്ങളെ ബഹുമാനത്തോടെയാണ് കാണുന്നത്.
•ആവശ്യമായ സന്ദര്‍ഭങ്ങളില്‍ എത്രയും വേഗത്തില്‍ പ്രവാസികള്‍ക്ക് സേവനം ലഭ്യമാക്കും.
•പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് ശ്രദ്ധ പുലര്‍ത്തുന്നുണ്ട.സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ അതിനായി ഫലപ്രദമായി അവര്‍ ഉപയോഗിക്കുന്നുണ്ട്.
•വിദേശത്ത് ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കായി പ്രവാസി കൗശല്‍ വികാസ് യോജന എന്ന പേരില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം നടപ്പാക്കും.
•യുവാക്കള്‍ രാജ്യത്തിന്റെ വികസനത്തിനായി കഴിവും സമയവും ഉപയോഗിക്കണം.
•’ഇന്ത്യയെ അറിയാം’ പദ്ധതിയിലൂടെ വിദേശത്ത് താമസിക്കുന്ന യുവ ഇന്ത്യക്കാര്‍ക്ക് രാജ്യം സന്ദര്‍ശിക്കാം. പദ്ധതിയുടെ ആദ്യ ബാച്ച് ഇന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്നു.അവരെ സ്വാഗതം ചെയ്യുന്നു.
•21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ താന്‍ പറയുന്നു.
•ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ പ്രധാമന്ത്രി ഇന്ത്യന്‍ സമൂഹത്തോട് ആവശ്യപ്പെട്ടു. എഫ്ഡിഐ എന്നാല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം എന്ന് മാത്രമല്ല, ആദ്യം ഇന്ത്യയെ വികസിപ്പിക്കൂ എന്നുകൂടിയാണ്.

അതേസമയം നോട്ട് റദ്ദാക്കല്‍ ജനവിരുദ്ധമാണെന്നു പറയുന്നവര്‍ അഴിമതിയുടെയും കള്ളപ്പണത്തിന്റെയും ആരാധകരാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരേയുള്ള നീക്കത്തെ മലിനപ്പെടുത്താന്‍ കള്ളപ്പണത്തെ തുണയ്ക്കുന്നവര്‍ ശ്രമിക്കുന്നതു സങ്കടകരമാണെന്നും 21–ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും മോദി പറഞ്ഞു. ബംഗളൂരു അന്താരാഷ്ട്ര എക്സിബിഷന്‍ സെന്ററില്‍ പതിന്നാലാമതു പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.pm-janu09modi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റദ്ദാക്കിയ നോട്ടുകള്‍ വിദേശത്ത് അടയ്ക്കുന്നതിനുള്ള സൗകര്യം അടക്കം പ്രവാസികള്‍ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായില്ല. എങ്കിലും മോദി ആരാധകരായ ആളുകള്‍ ഹര്‍ഷാരവത്തോടെയാണ് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പ്രസംഗത്തെ വരവേറ്റത്. വിവിധ മേഖലകളിലെ മികവിന് 30 പേര്‍ക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഇന്നു സമ്മാനിക്കും.

വിദേശത്തു ജോലി തേടുന്നവര്‍ക്കായി കേരളത്തിന്റെ നൈപുണ്യ വികസന പദ്ധതിയുടെ മാതൃകയില്‍ ദേശീയ തലത്തില്‍ തൊഴില്‍ വൈദഗ്ധ്യം നേടുന്നതിനു പ്രവാസി കൗശല്‍ വികാസ് യോജന രൂപീകരിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. പ്രവാസികളില്‍ പിഐഒ (പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡ് ഉള്ളവര്‍ അത് ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡ് ആക്കി മാറ്റണമെന്ന് മോദി അഭ്യര്‍ഥിച്ചു. ഇതിനുള്ള കാലാവധി പിഴയില്ലാതെ ജൂണ്‍ 30 വരെ നീട്ടി.

പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ അന്റോണിയോ കോസ്റ്റ മുഖ്യാതിഥിയായിരുന്നു. ഗോവയില്‍നിന്നു പോര്‍ച്ചുഗലിലേക്കു കുടിയേറിയവരുടെ മകനാണെന്നും ഇന്ത്യന്‍ വംശജന്‍ എന്നതില്‍ അഭിമാനമുണ്ടെന്നും പിഐഒ കാര്‍ഡ് ഉയര്‍ത്തിക്കാട്ടി അന്റോണിയോ കോസ്റ്റ പറഞ്ഞു.

സുരിനാം വൈസ് പ്രസിഡന്റ് മൈക്കിള്‍ അശ്വിന്‍ അധീന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായി രുദ്രാഭായി വാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത കുമാര്‍, വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിംഗ്, കര്‍ണാടക മന്ത്രി ആര്‍.വി. ദേശ്പാണ്ഡെ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പുതുച്ചേരി മുഖ്യമന്ത്രിമാരും കേരളത്തില്‍ നിന്നു വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, വ്യവസായ പ്രമുഖരായ യൂസഫലി, രവി പിള്ള, വര്‍ഗീസ് കുര്യന്‍, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങി നിരവധി പേരും സമ്മേളനത്തിനെത്തി.

കള്ളപ്പണവും അഴിമതിയും നമ്മുടെ സമ്പദ്ഘടനയെയും രാഷ്ട്രീയത്തെയും സമൂഹത്തെയും സാവധാനം പൊള്ളയാക്കി മാറ്റുകയാണെന്നു മോദി ചൂണ്ടിക്കാട്ടി. കള്ളപ്പണത്തിനും അഴിമതിക്കും എതിരായ പോരാട്ടത്തില്‍ വിദേശത്തെ ഇന്ത്യക്കാര്‍ പിന്തുണച്ചുവെന്നും അതിനു നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top