ഭോപ്പാല്‍:പ്രധാനമന്ത്രി മോദിയുടെ പ്രചാരണം ഫലിക്കുന്നില്ല.മോഡി പ്രഭാവം മങ്ങിയാതായി ബിജെപി നേതൃത്വം .മോദിയുടെ പ്രചാരണത്തെ കുറിച്ചാണ് ബിജെപി മധ്യപ്രദേശിലെ നേതാക്കള്‍ക്ക് പരാതിയുള്ളത്. നെഹ്‌റു-ഗാന്ധി കുടുംബത്തെ കരിവാരി തേച്ചുള്ള മോദിയുടെ പ്രസംഗങ്ങള്‍ യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് സംസ്ഥാന ഘടകം ഉറപ്പിച്ച് പറയുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതിയൊക്കെ ജനങ്ങള്‍ മറന്നിരിക്കുകയാണ്, പകരം മോദി എന്തു ചെയ്യുന്നുവെന്നാണ് അവര്‍ക്ക് അറിയേണ്ടത്. തൊഴിലവസരങ്ങള്‍, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം കാര്യമായി സംസാരിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ വലിയ രോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് ജനങ്ങള്‍ നേതാക്കള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. നോട്ടുനിരോധനം, ജിഎസ്ടി എന്നിവ കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. പെട്രോള്‍ വില വര്‍ധനയും പ്രധാന പ്രശ്‌നമായി ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ബിജെപിയുടെ വോട്ട് ബാങ്കായ നഗര വോട്ടര്‍മാര്‍ വലിയ എതിര്‍പ്പുകളാണ് ഉന്നയിച്ചിരിക്കുന്നത്. ഗ്രാമീണ-നഗര മേഖലകളില്‍ മോദിയുടെ നയങ്ങള്‍ മോശം ഫലമുണ്ടാക്കിയെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ തുറന്നടിച്ചിരിക്കുന്നത്. ഇതിനെയൊന്നും ന്യായീകരിക്കുന്ന കാര്യങ്ങള്‍ പോലും പ്രചാരണത്തില്‍ ഉണ്ടായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൊല്ലിയാണ് ഇത്തവണ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. മോദിയുടെ പ്രചാരണം പാര്‍ട്ടി ഘടകത്തിന് ദോഷം ചെയ്യുന്നുവെന്നാണ് ഇവരുടെ വിലയിരുത്തല്‍. പലരും അതൃപ്തി പരസ്യമായി ഉന്നയിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടായാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാവുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് ഇക്കാര്യം നേതാക്കള്‍ തുറന്നുപറഞ്ഞിരിക്കുകയാണ്.
എന്നാല്‍ അദ്ദേഹം നിസ്സഹായനാണ്. അടുത്തിടെ പാര്‍ട്ടി നടത്തി സര്‍വേകളിലും മറ്റ് ഇന്റേണല്‍ സര്‍വേകളിലും ചൗഹാന്റെ പ്രതിച്ഛായ വലിയ രീതിയില്‍ ഇടിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മോദിയുടെ കാര്യത്തില്‍ തനിക്ക് എന്തെങ്കിലും പറയാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇവിടെ കേന്ദ്ര നേതൃത്വം നേരിട്ടാണ് പ്രചാരണം നടത്തുന്നത്. അതുകൊണ്ട് സംസ്ഥാന നേതൃത്വത്തിന് ഒന്നും ചെയ്യാനില്ല. അതാണ് നേതാക്കളുടെ അതൃപ്തിക്ക് പ്രധാന കാരണവും.
മോദിയെ സ്റ്റാര്‍ ക്യാമ്പയിനറാക്കിയാണ് ബിജെപി കാണിക്കുന്നത്. എന്നാല്‍ വോട്ടിനായി താഴേക്കിടയിലേക്ക് ഇറങ്ങുമ്പോള്‍ അവര്‍ മോദിയുടെ വാഗ്ദാനങ്ങളെ കുറിച്ച് തങ്ങളെ ഓര്‍മിപ്പിച്ച് കൊണ്ടേയിരിക്കുകയാണെന്ന് നേതാക്കള്‍ പറയുന്നു. പലരും തങ്ങളോട് പരസ്യമായി തന്നെ ഇക്കാര്യം പറഞ്ഞെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ ഉള്ളതിനേക്കാള്‍ കടുത്ത ഭരണവിരുദ്ധ വികാരം മോദി സര്‍ക്കാരിനോട് ജനങ്ങള്‍ക്കുണ്ടെന്നാണ് വ്യക്താകുന്നത്. അതേസമയം ഇത്തവണയും മോദി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന രീതി സ്വീകരിച്ചതിലാണ് നേതാക്കള്‍ക്ക് എതിര്‍പ്പുള്ളത്.
മോദിയുടെ പ്രതിച്ഛായ ഇത് ആദ്യമായി ബിജെപിക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കുന്നുവെന്ന് നേതാക്കള്‍ പറയുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് മോദിയുടെ പ്രചാരണം പാര്‍ട്ടിക്ക് ബാധ്യതാണ്. അദ്ദേഹം പ്രചാരണം നടത്തരുതെന്ന് മുതിര്‍ന്ന നേതാക്കള്‍ ശിവരാജ് സിംഗ് ചൗഹാനെ അറിയിച്ച് കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ പ്രഭാവം ബിജെപിയെ വന്‍ ജയത്തിലേക്ക് നയിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ഇത് നേരെ തിരിഞ്ഞിരിക്കുകയാണ്. പല മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തിന്റെ റാലികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
ചൗഹാനും ഇക്കാര്യത്തില്‍ വലിയ പ്രതിരോധത്തിലാണ്. ശിവരാജ് സിംഗ് ചൗഹാന്റെ ക്യാമ്പയിനിങ് മാനേജര്‍മാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സാധ്യത കുറയുന്നുവെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. മോദിയുടെ പൊതുയോഗങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത പരിശോധിച്ചപ്പോള്‍ വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് ചൗഹാന്റെ ക്യാമ്പയനിങ് മാനേജര്‍മാര്‍ പറയുന്നു. അതേസയം ഛത്തീസ്ഗഡില്‍ നിന്നും ഇതേ സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നത്. ഇതെല്ലാം ബിജെപിയെ തോല്‍വിയിലേക്ക് നയിച്ച് കൊണ്ടിരിക്കുകയാണ്.
സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ദേശീയ നേതാക്കളില്‍ ആദ്യ പത്തില്‍ പോലും മോദിയില്ലെന്നാണ് ഉള്ളത്. മോശം പ്രതികരണമാണ് മോദിയെ കുറിച്ച് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ പറയുന്നു. ഇവര്‍ റിപ്പോര്‍ട്ട് ചൗഹാന് കൈമാറിയിട്ടുണ്ട്. ഭോപ്പാലില്‍ ക്യാമ്പ് ചെയ്യുന്ന ബിജെപി നേതാക്കളും ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. അതേസമയം ഈ റിപ്പോര്‍ട്ട് അമിത് ഷായ്ക്ക് കൈമാറിയിട്ടില്ല. ഇത് രഹസ്യമായി തന്നെ സൂക്ഷിക്കാനാണ് ചൗഹാന്‍ അടക്കമുള്ള നേതാക്കള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചൗഹാന്റെ അടുപ്പക്കാര്‍ മോദിക്കെതിരെ അപവാദം പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര നേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. മധ്യപ്രദേശില്‍ തോല്‍വി ഉറപ്പായ ചൗഹാന്‍ അതിന്റെ ഉത്തരവാദിത്തം മോദിയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ജെയ്റ്റ്‌ലി അടക്കമുള്ളവരും സൂചിപ്പിക്കുന്നു. അതേസമയം മോദിയുടെ റാലിയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത് ജനങ്ങള്‍ അദ്ദേഹത്തെ ഗൗരവത്തോടെ കാണുന്നില്ലെന്നാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം പരിഹാരം നിര്‍ദേശിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
ചൗഹാന്റെ പ്രതിച്ഛായക്കും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് പൊളിറ്റിക്കല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സര്‍വേ പറയുന്നു. നഗര വോട്ടര്‍മാരില്‍ 36 ശതമാനം അദ്ദേഹം മാറണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുസ്ലീം വിഭാഗവും അദ്ദേഹത്തിന്റെ ഭരണത്തില്‍ അസംതൃപ്തരാണ്. ബ്രാഹ്മണ-മുന്നോക്ക വിഭാഗങ്ങള്‍ ചൗഹാനെ എതിര്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ പ്രശ്‌നങ്ങള്‍ കൊണ്ടാണ് ശിവരാജ് സിംഗ് ചൗഹാന്‍ മോദിക്കെതിരെ നിലപാട് എടുക്കാത്തത്. രണ്ടുപേരും പ്രതിസന്ധിയിലായതിനാല്‍ ബിജെപി നേതൃത്വം ആശങ്കയിലാണ്.