പ്രധാനമന്ത്രിക്കെതിരെ 25 കോടിയുടെ അഴിമതി ആരോപണവുമായി അരവിന്ദ് കെജ്രിവാള്‍; ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്നും കണക്കില്‍പെടാത്ത പണം കൈപറ്റി’; രേഖകള്‍ പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കള്ളപ്പണ ആരോപണമുന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കള്ളപ്പണ കൈമാറ്റത്തില്‍ ആരോപണ വിധേയനാകുന്ന പ്രധാനമന്ത്രിയാണ് മോഡിയെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. നോട്ട് പിന്‍വലിച്ച നടപടിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് കെജ്രിവാള്‍ മോഡിക്കെതിരെ ആരോപണമുന്നയിച്ചത്.

കള്ളപ്പണ ഇടപാടില്‍ മോഡിയുടെ പേരുണ്ട്. 2013ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഡല്‍ഹിയിലെ ഓഫീസില്‍ സിബിഐ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 25 കോടി രൂപ പിടിച്ചെടുത്തിരുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലാപ്ടോപില്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് എന്നാണ് ഈ ഇടപാടില്‍ രേഖപ്പെടുത്തിയിരുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദായ നികുതി അധികൃതര്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ന്യൂഡല്‍ഹി ഓഫീസ് റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്ടോപില്‍ നിന്നുള്ള വിവരങ്ങളും എഎപി ട്വിറ്ററിലൂടെ പുറത്തുവിട്ടു. 2012 നവംബര്‍ 16ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് 25 കോടി നല്‍കി എന്ന് കാണിക്കുന്നുന്ന രേഖയാണ് പുറത്തുവിട്ടത്.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഓഫീസില്‍ 2013ലാണ് റെയ്ഡ് നടന്നത്. അന്ന് മോഡിയുടെ പങ്ക് വെളിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് കോണ്‍ഗ്രസ് – ബിജെപി ഒത്തുകളിയുടെ ഭാഗമായാണ്. മോഡി പ്രധാനമന്ത്രിയായാല്‍ റോബര്‍ട്ട് വദ്ര കേസില്‍ അദ്ദേഹം സഹായിക്കുമെന്ന് കോണ്‍ഗ്രസ് ധരിച്ചിരിക്കാമെന്നും കെജ്രിവാള്‍ ആരോപിച്ചു.

നോട്ടുകള്‍ പിന്‍വലിച്ച മോഡിയുടെ രീതിയെ ഡല്‍ഹി നിയമസഭ അപലപിച്ചു. നോട്ട് നിരോധനം രാഷ്ട്രപതി ഇടപെട്ട് പിന്‍വലിപ്പിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൊണ്ടുവന്ന പ്രമേയം ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണം. ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാനുള്ള തട്ടിപ്പാണ് ഇതെന്നും പ്രമേയം കുറ്റപ്പെടുത്തി. സഭയില്‍ ബഹളം വെച്ച ബിജെപി എംഎല്‍എ വിജേന്ദര്‍ ഗുപ്തയെ ബലം പ്രയോഗിച്ച് പുറത്താക്കി.
നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാളെ രാഷ്ട്രപതിയെ കാണുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ കെജ്രിവാളും പങ്കെടുക്കുന്നുണ്ട്.

Top