ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയായിരുന്ന അർജുൻ വല്ലാതെ ഭയപ്പെട്ടിരുന്നു .പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ അർജുൻ ഭയന്നിരുന്നു എന്നും സാക്ഷികളായ പെൺകുട്ടിയുടെ സഹോദരൻ . പോലീസ് ഏത്ര ശ്രമിച്ചാലും തെളിവൊന്നും കിട്ടില്ലെന്ന് അർജുൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
സംഭവ ദിവസം രണ്ടര കഴിഞ്ഞപ്പോൾ ഓൺലൈൻ ക്ലാസ് തുടങ്ങിയിരുന്നു, ആ സമയത്താണ് അശോക് മുടിവെട്ടാൻ വേണ്ടിയിട്ട് വന്നതെന്ന് സഹോദരൻ പറഞ്ഞു. അപ്പോൾ അവൾ ഉപ്പും മുളകും പരിപാടി കണ്ടുകൊണ്ടിരുന്നു. ഞാൻ വെള്ളവും ചീര്‍പ്പും കത്രികയുമെടുത്ത് പുറത്ത് പോയി. സുജിനും അര്‍ജുനും ഞങ്ങളുടെ കൂടെ വന്നു. പിന്നീട് സുജിനെ പാഷൻഫ്രൂട്ട് പറിക്കാൻ വേണ്ടി അര്‍ജുൻ പറഞ്ഞുവിട്ടു. സുജിൻ തിരിച്ചുവന്നപ്പോൾ പാഷൻ ഫ്രൂട്ടുമായി അര്‍ജുൻ വീടിന് അകത്തേക്ക് പോയി. പിന്നീട് ശബ്ദം പോലും കേട്ടില്ലെന്നും സഹോദരൻ പറഞ്ഞു.
ഓൺലൈൻ ക്ലാസ് മൂന്നരയോടെയാണ് തീര്‍ന്നതെന്നും ആ സമയത്തേക്ക് മുടിയും വെട്ടി തീരാറായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ഏറെ നേരം കാണാതായ അര്‍ജുൻ ആ സമയത്താണ് തിരികെ വന്നത്. മുടിവെട്ടുന്ന സമയത്ത് ഓൺലൈൻ ക്ലാസ് തീരുന്ന വരെ നാല് പേരും ഒരുമിച്ചായിരുന്നു എന്ന് പറയാൻ അര്‍ജുൻ നിര്‍ബന്ധിച്ചു. പാഷൻ ഫ്രൂട്ടിന്റെ കാര്യം പൊലീസിനോട് പറയരുതെന്നും ആവശ്യപ്പെട്ടിരുന്നു.
ഒരു തെളിവുമില്ലെന്ന് അര്‍ജുൻ മറ്റൊരാളോട് പറയുന്നത് താൻ കേട്ടിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ നഖത്തിന്റെ കാര്യം എന്റടുത്ത് വന്ന് ചോദിച്ചു .കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് മുടി കിട്ടിയെന്നും പറഞ്ഞപ്പോൾ എന്റെ കൈയ്യിൽ നഖമുണ്ടെന്ന് പറഞ്ഞ് കൈ കാണിച്ചു. അര്‍ജുൻ വല്ലാതെ ഭയന്നിരുന്നു. നഖം മുറിച്ച് കൊടുക്കാനും മുടിവെട്ടിക്കൊടുക്കാനും പറഞ്ഞപ്പോൾ അവൻ വിറയ്ക്കുകയായിരുന്നു. സൈഡിൽ പോയി വിരലും കടിച്ച് നിൽക്കുകയായിരുന്നു അര്‍ജുനെന്നും സഹോദരൻ പറഞ്ഞു.