ഏകാന്തത അകറ്റാൻ ഒരു വർഷം പോലീസ് സ്റ്റേഷനിലേക്ക് 45,210 പ്രാവശ്യം ഫോണ്‍ ചെയ്തയാൾക്ക് അഞ്ചു വർഷത്തെ തടവ് ശിക്ഷ. തുർക്കിയിലെ ഇസ്താംബുളിലെ ബേരാംപാസ സ്വദേശിയായ അമ്പത്തിയഞ്ചുകാരനാണ് പോലീസിനെ ഫോണ്‍വിളിച്ച് ശല്യം ചെയ്ത് അറസ്റ്റിലായത്. 2017 മെയ് പതിനഞ്ചിനും 2018 മെയ് പതിനഞ്ചിനും ഇടയ്ക്ക് ദിവസേന നൂറു പ്രാവശ്യമാണ് അദ്ദേഹം പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തത്. ഒരു പരാതി നൽകുകയോ പോലീസിന്‍റെ സേവനം ആവശ്യപ്പെടുകയോ ചെയ്യാതിരുന്ന ഇദ്ദേഹം പോലീസ് സ്റ്റേഷനിൽ ഫോണ്‍ എടുക്കുന്നവരോട് കുശലം പറയുകയായിരുന്നു പതിവ്.
ആദ്യം ഈ ഫോണ്‍ വിളി പോലീസുകാർ കാര്യമാക്കിയിരുന്നില്ലെങ്കിലും പിന്നീട് അത് അവർക്ക് ഒരു ശല്യമായി മാറുകയായിരുന്നു. നാളുകൾ പിന്നിടുമ്പോഴും ഈ ഫോണ്‍വിളി തുടർന്നതിനാൽ ഇസ്താംബുൾ പോലീസിന്‍റെ കമ്യൂണിക്കേഷൻ ആൻഡ് ഇലക്ടോണിക് വിഭാഗം ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഒരു വർഷം കൊണ്ട് 45,210 പ്രാവശ്യമാണ് അദ്ദേഹം പോലീസിന്‍റെ എമർജൻസി നമ്പരായ 115ലേക്ക് ഫോണ്‍ വിളിച്ചത്. പൊതുമേഖല സ്ഥാപനത്തിന്‍റെ സേവനങ്ങളെ ദുരുപയോഗം ചെയ്തുവെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് വർഷത്തെ തടവ് ശിക്ഷയാണ് കോടതി ഇദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്. ഭാര്യയുമായി അകന്നു കഴിയുന്ന താൻ മദ്യത്തിന് അടിമയാണെന്നും ഈ സമയം തോന്നുന്ന ഏകാന്തത അകറ്റാനാണ് ഫോണ്‍ ചെയ്തതെന്ന് ശിക്ഷ വിധിച്ച ജഡ്ജിയോട് അദ്ദേഹം പറഞ്ഞുവെങ്കിലും ഫലമൊന്നുമുണ്ടായില്ല.