തലസ്ഥാനത്ത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യം മുതല്‍ പോലീസും വെങ്കിട്ടരാമനും ഒത്തുകളിച്ചെന്ന് ആക്ഷേപം. അപകടം നടന്നത് മ്യൂസിയം പോലീസ് സ്‌റ്റേഷന്റെ വളരെ അടുത്തായതിനാല്‍ അല്‍പ്പ സമയത്തിനകം തന്നെ പോലീസ് സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്നത് നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയുള്ള ഒത്തുകളിയാണ്.
ഇടിച്ച കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്‌സാക്ഷികളില്‍ നിന്നും മനസിലാക്കിയ പോലീസ് അദ്ദേഹത്തെ സ്‌റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. എന്നാല്‍ ശ്രീറാം മൊഴി നല്‍കിയത് കൂടെയുണ്ടായിരുന്ന സ്ത്രീ സുഹൃത്താണ് വണ്ടിയോടിച്ചതെന്നാണ്. ഇതു കേട്ടിട്ടും പോലീസ് അവരെ വീട്ടിലേയ്ക്ക് പറഞ്ഞയക്കുകയാണുണ്ടായത്.
മദ്യ ലഹരിയിലായിരുന്ന ശ്രീറാമിന്റെ രക്ത പരിശോധന നടത്താന്‍ പോലും പൊലീസ് ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടര്‍ വെളിപ്പെടുത്തി. പ്രതി സമ്മതിക്കാത്തതാണ് കാരണമെന്നാണ് ഇതിനെക്കുറിച്ചുള്ള പൊലീസിന്റെ വിചിത്ര മറുപടി. പ്രതി ശ്രീരാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസുകാരനാണന്ന് പൊലീസുകാര്‍ക്ക് മനസിലായത്മുതലാണ് അട്ടിമറി ശ്രമവും പൊലീസിന്റെ ഒത്തു കളിയും തുടങ്ങുന്നത്.
ശ്രീരാമിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ കേസ് എഴുതി നിയമപരമായല്ല കൊണ്ടുവന്നത്. ഇതു കൊണ്ടാണ് രക്തസാംപിളെടുത്ത് മദ്യപിച്ചതിന് ശാസ്ത്രീയ തെളിവ് ശേഖരിക്കാനാകാതെ പോയത്. പിന്നീട് 9.30 മണിക്കൂര്‍ പൊലീസ് അതിന് ശ്രമിച്ചില്ല.
രണ്ട് ഓട്ടോ ഡ്രൈവറും ഒരു യാത്രക്കാരനും അപകടം കാണുകയും വാഹനം ഓടിച്ചത് പുരുഷനാണെന്ന് പൊലീസിനെ അറിയിച്ചതുമാണ്. എന്നാല്‍ ഇത് രേഖപ്പെടുത്താതെയാണ് വാഹനം ഓടിച്ചത് ആരാണന്ന് അറിയില്ലെന്ന അവ്യക്തതയാണ് പോലീസ് സൃഷ്ടിച്ചത്.
50 ലേറെ സി.സി.ടി.വി കാമറകളുള്ളതാണ് മ്യൂസിയം-കവടിയാര്‍ റോസ്. ആദ്യ 10 മണിക്കൂര്‍ പൊലീസ് ഇത് പരിശോധിച്ചില്ല. പൊലീസിന്റെ ഈ വീഴ്ചകള്‍ക്കെല്ലാം കാരണം ശ്രീരാം വെങ്കിട്ടരാമന്‍ നടത്തിയ അട്ടിമറി ശ്രമമാണെന്ന് കരുതാം. ഇതിനിടെ വാഹനം ഓടിച്ചത് താനല്ലന്ന് പറഞ്ഞ ശ്രീരാം വഫാ ഫിറോസിനെക്കൊണ്ട് ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാനും ശ്രമിച്ചു
മദ്യപിച്ചുവെന്ന് സ്ഥിരീകരിക്കുന്ന പരിശോധനകളില്‍ നിന്നൊഴിവാക്കാന്‍ ആദ്യം രക്ത പരിശോധനയെ എതിര്‍ത്തു. ഇതിനായി ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലെക്കുള്ള യാത്ര ഒഴിവാക്കി സ്വകാര്യ ആശുപത്രിയില്‍ അഭയം തേടി. മാധ്യമ സമ്മര്‍ദത്തിന്റെ ഭാഗമായി നീക്കങ്ങളെല്ലാം പൊളിഞ്ഞതോടെയാണ് ശ്രീരാമിനെ അറസ്റ്റ് ചെയ്യേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തിയത്.
മരണപ്പെട്ട വ്യക്തി മാധ്യമപ്രവര്‍ത്തകനായതിനാലും സഹപ്രവര്‍ത്തകര്‍ കാര്യക്ഷമമായി ഇടപെട്ടതിനാലും മാധ്യമങ്ങള്‍ അണമുറിയാതെ വാര്‍ത്ത നല്‍കിയതിനാലുമാണ് ഉന്നതന്‍ പ്രതിയായ കേസ് ആദ്യ ദിവസം തന്നെ തേഞ്ഞുമാഞ്ഞു പോകാതിരുന്നത്. ഒരു സാധാരണക്കാരനാണ് കൊല്ലപ്പെട്ടിരുന്നെങ്കില്‍ ഈ സംഭവം ഒരു കേസുപോലും ആകില്ലായിരുന്നു എന്നതാണ് ഇതിലൂടെയെല്ലാം തെളിയുന്നത്.