പൊലീസുകാരന്റെ കൈ തല്ലിയൊടിച്ചു: കൊച്ചിയിലെ പ്രമുഖ ബിൽഡറുടെ മകനും ഗുണ്ടകളും അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിൽ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ യുവാക്കൾ ആക്രമിച്ചു. എഎസ്‌ഐ അടക്കം രണ്ടു പേർക്കു പരുക്കേറ്റു. പൊലീസുകാരെ ആക്രമിച്ച മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ രാജൻ, സിവിൽ പൊലീസ് ഓഫിസറും പൊലീസ് ഡ്രൈവറുമായ സജി എന്നിവർക്കാണ് പരുക്കേറ്റത്. രാജന്റെ വലതു കയ്യിൽ പൊട്ടലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ എരമല്ലൂർ ഇഞ്ചിപറമ്പിൽ ടിജിൻ ജോർജ് (23), കുന്നപ്പള്ളിയിൽ നിധിൻ തോമസ് (25), എറണാകുളം കാക്കനാട്ട് കൃഷ്ണകൃപയിൽ ചന്തു (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെമ്പാടും നെറ്റ് വർക്കുള്ള കൊച്ചിയിലെ പ്രമുഖ ബിൽഡിങ് ഗ്രൂപ്പ് ഉടമയുടെ മകനാണ് പിടിയിലായ ചന്തുവെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ ചിങ്ങവനം പറമ്പിൽ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ക്ഷേത്രത്തിനു സമീപത്തെ വഴിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടതായി നാട്ടുകാർ പരാതിപ്പെടുകയായിരുന്നു. തുടർന്നു അഡീഷണൽ എസ്‌ഐ രാജനും ഡ്രൈവർ സജിയും സ്ഥലത്ത് എത്തി. പൊലീസ് ജീപ്പ് കണ്ടതും കാർ അതിവേഗം പിന്നോട്ടെടുത്തു രക്ഷപെടാൻ പ്രതികൾ ശ്രമിച്ചു. ജീപ്പ് കുറുകെയിട്ടു കാർ തടഞ്ഞു പൊലീസുകാർ കാറിനുള്ളിൽ പരിശോധന നടത്താൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ആക്രമിക്കുകയായിരുന്നു.
കരിങ്കല്ല് ഉപയോഗിച്ചു രാജന്റെ വലതു കൈയ്യിൽ അടിച്ചു. അടിയേറ്റ് കയ്യുടെ എല്ല് പൊട്ടി. ഈ സമയം ഇതുവഴി എത്തിയ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബിജുവും പ്രതികളെ പിടികൂടാൻ പൊലീസുകാർക്കൊപ്പം കൂടി. തുടർന്നു മൂന്നു പ്രതികളെ ഇവർ സാഹസികമായി കീഴടക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടിരക്ഷപെട്ടു. പരുക്കേറ്റ എഎസ്‌ഐ രാജനെ രാത്രി തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കു വിധേയനാക്കി. ഇദ്ദേഹത്തിന്റെ കയ്യുടെ എല്ലിനു പൊട്ടലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top