കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന പൊതുബോധം സൃഷ്ടിച്ചുകൊണ്ടാണ് പ്രോസിക്യൂഷന്‍ മുന്നോട്ട് പോവുന്നതെന്ന് രാഹുല്‍ ഈശ്വർ. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ ശരിയോ തെറ്റോ ആകാം. അത് ശരിയാണെന്ന് തെളിഞ്ഞാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണം.
ഇവിടെ ബാലചന്ദ്രകുമാർ നടത്തിയതെല്ലാം ആരോപണങ്ങളാണ്. എന്നാല്‍ അതെല്ലാം വെളിപ്പെടുത്തലാണെന്ന ഒരു പൊതുബോധം സൃഷ്ടിച്ച് ദിലീപ് ഒരു വേട്ടക്കാരനാണെന്ന് സ്ഥാപിക്കുകയാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
പൊതുബോധ നിർമ്മിതിയില്‍ അക്കാര്യത്തില്‍ പ്രോസിക്യൂഷനും പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന ആളുകളും വിജയിച്ചിട്ടുണ്ട്. 2017 ലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. എന്നാല്‍ നാല് വർഷം എന്തുകൊണ്ട് ബാലചന്ദ്രകുമാർ ഇത് മറച്ചു വെച്ചു എന്ന് രാഹുൽ ഈശ്വർ ചോദിച്ചു.
ആ ചോദ്യം ചോദിക്കുമ്പോഴെല്ലാം ഞാന്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് അദ്ദേഹം നല്‍കുന്നത്. ഉത്തരം ഇല്ലാതെ അദ്ദേഹം മാറുകയാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ബാലചന്ദ്രകുമാർ ദിലീപുമായി പണമിടപാടും നടത്തുന്നുണ്ട്. ദിലീപിന് ജാമ്യം ലഭിക്കാന്‍ വേണ്ടി ബാലചന്ദ്ര കുമാർ ഇടപെട്ടുവെന്ന വെളിപ്പെടുത്തലും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ക്രിമിനല്‍ ഉദ്ദേശത്തോട് കൂടിയാണ് സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്ത് ബാലചന്ദ്രകുമാർ ദിലിപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്. ദിലീപ് വഴങ്ങാത്തത് കൊണ്ടല്ലേ ഇപ്പോഴത്തെ ആരോപണങ്ങള്‍ എന്നതാണ് ഏറ്റവും പ്രധാനമെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
പോലീസ് വിദഗ്ധമായി മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നും ഒരു സാധാ ദിലീപ് വിരോധിക്ക് ആവേശം നല്‍കുന്ന ഒരുപാട് കാര്യങ്ങള്‍ പൊലീസിന് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നും രാഹുൽ ഈശ്വർ പറഞ്ഞു.
മുന്‍പ് ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് കൊടുത്ത ഒരു പരാതിയില്‍ ബൈജു കെ പൌലോസിന്റെയും ബാലചന്ദ്ര കുമാറിന്റെയും പരസ്പരമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിക്കപ്പെട്ട കേസിന് പുറത്ത് ബാലചന്ദ്രകുമാറിനോടൊപ്പം ഈ ഉദ്യോഗസ്ഥനും ഉണ്ടെന്ന് പറയുന്നത് തന്നെ പോലീസിലെ ചിലരുടെ ഗൂഡ താല്‍പര്യമാണെന്ന് സംശയിക്കേണ്ടതല്ലേ എന്നും രാഹുൽ ചോദിക്കുന്നു.
ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ച് നിർത്തി ചോദ്യം ചെയ്ത് കൂടെ എന്നും രാഹുൽ ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ സുരക്ഷയെ കൂടി കരുതിയാണ് ദിലീപിനോടൊപ്പം നിർത്തി ചോദ്യം ചെയ്യാത്തതെന്നാണ് പൊലീസ് പറയുന്നത്.
പൊതുബോധ നിർമ്മിതിയില്‍ ദിലീപ് പരാജയപ്പെടുകയും പൊലീസ് വിജയിക്കുകയും ചെയ്തു എന്നുള്ളത് സത്യമാണ് എന്നും രാഹുൽ ഈശ്വർ പറഞ്ഞു. എന്നാല്‍ പൊതുബോധമല്ല തെളിവുകളാണ് കോടതിയില്‍ ഏറ്റവും പ്രധാനം. അത് കോടതിയില്‍ ആർക്ക് തെളിയിക്കാന്‍ കഴിയുമെന്നതിലാണ് നമ്മള്‍ സത്യം കാണേണ്ടത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.