കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപുമായി സാമ്പത്തിക ഇടപാടുള്ള കൂടുതല്‍ ആളുകളെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും.അടുത്ത ചില സുഹൃത്തുക്കളെ ഇന്നലെ ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. സിനിമാമേഖലയില്‍ നിന്നടക്കം കൂടുതല്‍ ആളുകളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ വെച്ച് മൊബൈൽ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്നലെ സഹതടവുകാരായിരുന്ന വിപിന്‍ലാലിനും വിഷ്ണുവിനും ഒപ്പം ഇരുത്തിയായിരുന്നു ചോദ്യം ചെയ്തത്. സിനിമാ താരങ്ങൾക്കെതിരെ ഉയർത്തിയ ആരോപണം ഈ ഘട്ടത്തിൽ പൾസർ സുനി സമ്മതിച്ചിരുന്നു. നടൻ ദിലീപിന്റെയും സംവിധായകന്‍ നാദിർഷയുടെയും പേരുകൾ സഹതടവുകാരോട് പറഞ്ഞിട്ടുണ്ടെന്നും സുനി സമ്മതിച്ചു. കൂടാതെ ഫോൺ വിളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിർണായക വിവരങ്ങൾ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്തു നിന്നുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യും.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാവ്യയുടെ കാക്കനാട്ടെ സ്ഥാപനമായ ലക്ഷ്യയിലെത്തി കൈമാറിയിരുന്നതായി പള്‍സര്‍ സുനി നേരത്തെ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെയും അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്യും. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്.
പള്‍സര്‍ സുനിയും ജയിലധികൃതരും ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് കത്തെഴുതിച്ചതെന്ന് സഹതടവുകാരനായ വിപിന്‍ലാല്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയിലധികൃതരെയും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. അതിനിടെ പള്‍സര്‍ സുനിയെ കോയമ്പത്തൂരിൽ എത്തിച്ച് ചോദ്യം ചെയ്യും. കോയമ്പത്തൂരില്‍ നിന്നാണ് ഫോണ്‍ മോഷ്ടിച്ചതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ആരോപണ വിധേയനായ സംവിധായകന്‍ നാദിർഷയെ ദിലീപിന്റെ മാനേജർ അപ്പുണ്ണിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെഴുതിയ കത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താനാകാതെ കുഴഞ്ഞിരിക്കുകയാണ് പൊലീസ്. സുനിയെയും കത്തെഴുതിയ വിപിന്‍ ലാലിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. പള്‍സര്‍ സുനിക്ക് ജയിലിനുള്ളില്‍ ഫോണും സിം കാര്‍ഡും എത്തിച്ചു കൊടുത്ത കൊടുത്ത വിഷ്ണു, ജയിലിലും പുറത്തും ഈ ഫോണുപയോഗിച്ച മേസ്തിരി സുനില്‍, കത്തെഴുതി നല്‍കിയ സഹതടവുകാരനായ വിപിന്‍ലാല്‍ എന്നിവരെ പള്‍സര്‍ സുനിക്കൊപ്പമിരുത്തി പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. എന്നാല്‍ കത്തെഴുതാന്‍ ആരുടെയെങ്കിലും പ്രേരണയുണ്ടായോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. അതിനാല്‍ കത്തെഴുതാന്‍ ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നു വിപിന്‍ ലാല്‍ മാധ്യമങ്ങളോട് പറഞ്ഞത് രക്ഷപെടല്‍ തന്ത്രമായാണ് പൊലീസ് കാണുന്നത്.
പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞാല്‍ കേസില്‍ പ്രതിയാകുമെന്ന സംശയമാണ് വിപിന്‍ലാല്‍ ഇങ്ങനെ പറയാന്‍ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് വിഷ്ണും വിപിന്‍ലാലും മറുപടി നല്‍കിയത്.