ശ്രീനഗര്‍: ജമ്മു കശ്മീര്‍ പോലീസ് സേനയിലേക്കുള്ള ശാരീരിക പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം ബക്ഷി സ്റ്റേഡിയത്തില്‍ എത്തിയത് രണ്ടായിരത്തോളം കശ്മീരി ഉദ്യോഗാര്‍ത്ഥികള്‍. സേനയില്‍ ചേരുന്നതിനെതിരെ വിവിധ തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്ന് ശക്തമായ ഭീഷണി നിലനില്‍ക്കുതിനിടയിലാണ് ഇത്രയും പേര്‍ പരീക്ഷയ്ക്ക് എത്തിയത്.
സേനയില്‍ ചേര്‍ന്നവര്‍ക്ക് മുന്നറിയിപ്പെന്നോണം കഴിഞ്ഞ ദിവസം സൈനിക ഉദ്യോഗസ്ഥനായ ഉമ്മര്‍ ഫയാസിനെ ഷോപിയാനില്‍ നിന്ന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ടാണ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് കശ്മീരി ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചത്.
698 ഒഴിവുകളാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിനായി ആകെ 67,218 പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ടായിരത്തോളം പേരുടെ കായിക ക്ഷമതാ പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്.
ജമ്മു മേഖലയില്‍ നിന്നുള്ളതിനേക്കാല്‍ അപേക്ഷകര്‍ കശ്മീര്‍ മേഖലയില്‍ നിന്നാണെന്ന പ്രത്യേകതയുമുണ്ട്. അപേക്ഷകരില്‍ 35,722 കാശ്മീരില്‍ നിന്നുള്ളവരും 31,496 പേര്‍ ജമ്മു മേഖലയില്‍ നിന്നുമാണ്.
പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ 6,000 കശ്മീരി പെണ്‍കുട്ടികളാണ് പങ്കെടുത്തത്. ജമ്മുകശ്മീരി പെണ്‍കുട്ടികള്‍ യാഥാസ്ഥിതിക സമൂഹത്തിലെ എല്ലാ വിലക്കുകളും മറികടന്നുകൊണ്ട് റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തുവെന്ന് ജമ്മു കശ്മീര്‍ ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
കശ്മീരിലെ തീവ്രവാദം സ്ത്രീകളുടെ അവസ്ഥ മോശമാക്കിയെന്നും ഇത് പരിഹരിക്കപ്പെടണമെന്നും ഉദ്യോഗാര്‍ഥികളിലൊരാളായ നസ്‌റത്ത് ജാന്‍ പറഞ്ഞു. തീവ്രവാദത്തിന്റെ ഭീഷണിയെ നേരിടാന്‍ ഒരുക്കമാണെന്ന് ശ്രീനഗറില്‍ നിന്നുള്ള മുഹമ്മദ് റഫീഖ് ഭട്ട് പറഞ്ഞു. അവര്‍ ശരിയായ പാതയിലല്ല, ഈ രോഗത്തെ ചികിത്സിക്കാന്‍ ശരിയായ ചികിത്സ ആവശ്യമാണെന്നും റഫീഖ് പറഞ്ഞു. സമാന മനസുള്ളവരാണ് റിക്രൂട്ട്‌മെന്റില്‍ എത്തിയ മറ്റുള്ളവരും.