ജിഷയുടെ കൊലയാളി കൊച്ചിയില്‍ പിടിയിലായെന്ന് സൂചന; കുറ്റസമ്മതം നടത്തിയത് അന്യസംസ്ഥാന തൊഴിലാളി

image

കൊച്ചി: ജിഷയുടെ ഘാതകനെ അന്വേഷണസംഘം പിടിയിലായതായി സൂചന. അന്യസംസ്ഥാന തൊഴിലാളിയാണ് കൊച്ചിയില്‍ പിടിയിലായത്. ഇയാള്‍ കുറ്റസമ്മതം നടത്തിയത്രെ. അസം സ്വദേശിയാണ് ഇയാള്‍. പ്രതിയുടെ ചെരുപ്പും ചെരുപ്പില്‍ കണ്ടെത്തിയ രക്തവുമാണ് പോലീസിന് വഴിത്തിരിവായത്.

പ്രതി ഇയാള്‍ തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പാക്കിയ ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെരുപ്പില്‍ ജിഷയുടെ രക്തം പുരണ്ടിട്ടുണ്ടായിരുന്നു. ചെരുപ്പ് കടക്കാരന്റെ മൊഴിയും നിര്‍ണായകമായി.

പ്രതി ഇയാള്‍ തന്നെയാണെന്ന് പൊലീസ് ഇപ്പോഴും സ്ഥിരീകരിക്കുന്നില്ല. ഇതിനായി ശാസ്ത്രീയമാര്‍ഗങ്ങള്‍ പൊലീസ് അവലംബിക്കും. ഇയാളുടെ ഡിഎന്‍എയും രക്തവും പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച ജിഷയെ പിന്തുടരുന്നയാള്‍ ഇയാള്‍ തന്നെയാണോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തും. ഇതിനുശേഷമായിരിക്കും പ്രതിയുടെ കാര്യത്തില്‍ ഉറപ്പു വരുത്തുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും. രണ്ടു ദിവസം മുമ്പാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഏപ്രില്‍ 28 നു ജിഷ കൊല്ലപ്പെടുന്നതിനു മുന്‍പ്, മാര്‍ച്ച് 15 നു ശേഷം പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ എത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചു ലഭിച്ച നിര്‍ണായക വിവരമാണ് അന്വേഷണ സംഘത്തിനു പിടിവള്ളിയായത്. കൊലയാളിയെന്നു സംശയിക്കുന്നയാളെ പിടികൂടി ഡിഎന്‍എ പരിശോധനാ ഫലം കൂടി ലഭിച്ചിട്ടു മാത്രം ഇയാളുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടാല്‍ മതിയെന്നാണു അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബര്‍ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായിട്ടുണ്ട്. സാഹചര്യ തെളിവുകള്‍ മുഴുവന്‍ പൊലീസ് സംശയിക്കുന്ന യുവാവിനെതിരാണെങ്കിലും കൊലയാളിയുടെ ഡിഎന്‍എ സാമ്പിള്‍ കണ്ടെത്തിയതിനാല്‍ അതുകൂടി പൊരുത്തപ്പെട്ടാല്‍ മാത്രമേ ഇയാളെ കേസില്‍ പ്രതിയാക്കാന്‍ കഴിയൂ.
കൊലക്കേസുകളില്‍ പ്രതിയാക്കാവുന്ന സാഹചര്യ തെളിവുകള്‍ പൊലീസ് തിരയുന്ന യുവാവിനെതിരെ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഡിഎന്‍എ ഫലം അനുകൂലമല്ലെങ്കില്‍ പൊലീസിനതു വലിയ തിരിച്ചടിയാവുന്നതിനാലാണു യുവാവിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തു വിടാത്തത്.

Top