വ്യാജ പൊലീസ് റിക്രൂട്ട്‌മെന്റുകാർക്ക് മാവോയിസ്റ്റ് ബന്ധമോ..? പൊലീസ് അന്വേഷണം ആരംഭിച്ചു; കേരളത്തിൽ സംഘം നടത്തിയത് സമാന്തര പൊലീസ് പ്രവർത്തനമെന്ന് സൂചന

സ്വന്തം ലേഖകൻ

കോട്ടയം: കൊല്ലാട് കടുവാക്കുളം ഇമ്മാവൂസ് പബ്ലിക്ക് സ്‌കൂളിൽ നടന്ന വ്യാജ പൊലീസ് റിക്രൂട്ട്‌മെന്റ് സംഘത്തിനു മാവോയിസ്റ്റ് ബന്ധമെന്ന് സംശയം. സാമ്പത്തിക ഇടപാടുകൾ മാത്രമാവില്ല കേസിനു പിന്നിലെന്ന സംശയത്തെ തുടർന്ന്് പൊലീസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. കേസിൽ അറസ്റ്റിലായ പ്രധാന പ്രതികളായ അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി ഷൈമോൻ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

തട്ടിപ്പ് സംഘത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നത് ആറു പേരാണ്. ഇതിൽ ഒരാൾ സർവീസിൽ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണെന്നും സംശയമുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. പ്രതികളായവർ പരിശീലനത്തിനും പരീക്ഷയ്ക്കും എത്തിയവർക്കൊപ്പം പൊലീസ് യൂണിഫോം ധരിച്ച് നിന്ന് എടുത്ത ചിത്രങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി നടത്തിയ വിവിധ കായിക ക്ഷമതാ പരിശോധനകളുടെയും ചിത്രങ്ങൾ ഇവർ പകർത്തി സൂക്ഷിച്ചിരുന്നു. ഇതെല്ലാം
ഇതുകൂടാതെ തട്ടിപ്പ് സംഘം പരീക്ഷയ്ക്ക് എത്തുന്നവരിൽ നിന്നും 200 രൂപ മാത്രമാണ് ഫീസായി ഈടാക്കിയിരുന്നത്. ഇതുകൂടാതെ 3000 രൂപ മാത്രമാണ് ജോലി നൽകുന്നതിനുള്ള ഫീസായും നൽകേണ്ടിയിരുന്നത്. കൂടുതൽ തുക നഷ്ടമായതായി ആരും പരാതിയും നൽകിയിട്ടുമില്ല. ഇതുകൂടാതെ പ്രതികളെല്ലാവരും തന്നെ പൊലീസ് യൂണിഫോമിലാണ് എത്തിയിരുന്നത്. ഇവർ പ്രതിനിധാനം ചെയ്യുന്ന കേരള ട്രാഫിക് ട്രെയിനിംഗ് പൊലീസ് ഫോഴ്്‌സിന്റെ ലേറ്റർ പാഡും, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അടക്കമുള്ളവ ഇവരുടെ പക്കലുണ്ടായിരുന്നു. ഇവയെല്ലാം വ്യാജമാണോ എന്ന് ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇതുകൂടാതെ പരീശീലനത്തിനായി യോഗ്യത നേടി എന്ന് ഇവർ കണ്ടെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതികൾ മൂന്നു നേരവും ഭക്ഷണവും നൽകിയിരുന്നു. വൻ ആഡംബരമായാണ് ഇവർ പരിപാടികളെല്ലാം നടത്തിയിരുന്നത്.
എഴുത്തു പരീക്ഷ പാസായി എത്തുന്നവർക്ക് നടത്തിയിരുന്ന കായികക്ഷമതാ പരിക്ഷകളും ഏറെ കഠിനമായിരുന്നു. കഴിഞ്ഞ ആറു മുതൽ ഒൻപത് വരെയാണ് കടുവാക്കുളം ഇമ്മൗസ് പബ്ലിക്ക് സ്‌കൂൾ മൈതാനത്ത് കായിക ക്ഷമതാ പരീക്ഷയും പരിശീലനവും നടന്നിരുന്നത്. ഈ സ്‌കൂൾ മൈതാനത്ത് 200 മീറ്റർ ഓട്ടം, ലോങ് ജമ്പ്, ഹൈജമ്പ് എന്നീ ഇനങ്ങളെല്ലാം തട്ടിപ്പ് പൊലീസുകാർ കായിക ക്ഷമതാ പരീക്ഷയുടെ ഭാഗമായി നടത്തിയിരുന്നു. ഇതുകൂടാതെ പരീശീലനത്തിനായി സിലക്ഷൻ ലഭിച്ചവർക്ക് എല്ലാ ദിവസവും രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെ പരേഡും, മറ്റ് വ്യായായ മുറകളും ഉണ്ടായിരുന്നു. മൂന്ന് പെൺകുട്ടികൾ അടക്കം 15 പേരാണ് കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ പരിശീനത്തിൽ എർപ്പെട്ടിരുന്നത്.
ഇത്തരത്തിൻ വൻ തുക മുടക്കി തുച്ഛമായ തട്ടിപ്പിനു വേണ്ടി ഇവർ രംഗത്ത് ഇറങ്ങുമോ എന്നതാണ് സംശയത്തിനു ഇട നൽകുന്നത്. മൂന്നു ദിവസമായി പരിശീലനത്തിനു എത്തിയ 15 പേരിൽ നിന്നായി 45,000 രൂപ മാത്രമാണ് പ്രതികൾ വാങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സമാന്തര പൊലീസ് സംവിധാനം രൂപീകരിക്കുന്നതിനു പ്രതികൾ പദ്ധതിയിട്ടിരുന്നോ എന്ന കാര്യവും പരിശോധനാ വിധേയമാക്കേണ്ടി വരും. ഇവർക്ക് ഏതെങ്കിലും വിഘടനവാദികളുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Latest
Widgets Magazine