കോട്ടയം: കെവിന്റെ മരണം മുങ്ങി മരണമാണെന്ന പോസ്സ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടും കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ നില്‍ക്കുകയാണ് പോലീസ്. മരണ കാരണം തോട്ടില്‍ മുങ്ങിയതാക്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ ബുദ്ധിപൂര്‍വ്വം മുക്കി കൊന്നതാകാം എന്നും സംശയിക്കുന്നുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മുറിവുകള്‍ മരണകാരണമായോ എന്നറിയാന്‍ സാധിക്കൂ. കണ്ണുകള്‍ തൂങ്ങി, തലയിലും കഴുത്തിലും ആഴത്തിലും മുറിവുകളുമുള്ള നിലയിലായിരുന്നു മൃതദേഹം.
കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവര്‍ പിടിയിലായതോടെ പോലീസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ബാംഗ്ലൂരിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ കണ്ണൂരില്‍ നിന്നാണ് ഇരുവരും പിടിയിലാത്. ഇവരെ കോട്ടയത്തെത്തിച്ച് ചോദ്യം ചെയ്യും. നീനുവിന്റെ അമ്മ രഹന ഒളിവിലാണ്.
കെവിനെ കോട്ടയം മാങ്ങാനത്തെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത് ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പുനലൂരിന് സമീപം ചാലിയക്കര തോട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.എങ്ങനെയാണ് കെവിന്‍ മരിച്ചതെന്ന് ഉള്‍പ്പടെയുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിക്കാന്‍ മുഖ്യപ്രതികളുടെ അറസ്റ്റ് സഹായകമാകും. കോട്ടയത്ത് എത്തിച്ചിട്ടാവും പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുക.
ഗള്‍ഫിലായിരുന്ന ഷാനു നാട്ടിലെത്തി കൂട്ടുകാരേയും ചില ക്വട്ടേഷന്‍ സംഘങ്ങളേയും കൂട്ടിയാണ് കൃത്യം നിര്‍വഹിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. തെന്മലയിലെ ചാക്കോയുടെ വീട് വളഞ്ഞ് പൊലീസ് നേരത്തെ തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെ നിന്ന് പാസ്പോര്‍ട്ടും മറ്റ് രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തി. കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയ്ക്ക് പുറമെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു. നീനുവിന്റെ പിതാവ് ചാക്കോയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് ഇയാളെ പ്രതി ചേര്‍ക്കുകയായിരുന്നു. എന്നാല്‍ കെവിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും നിരപരാധികളെന്നും കാട്ടിയാണ് ഇവര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.