കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം ആരംഭിച്ചു. നാളെ നടക്കുന്ന ഉന്നതതല യോഗത്തില്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഐ.ജിയോട് തേടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്ന് കണ്ടെത്തി കൂടാതെ ശക്തമായ തെളിവുകള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണസംഘം. അന്തിമ റിപ്പോര്‍ട്ട് പത്തിന് സമര്‍പ്പിക്കും. അറസ്റ്റിന് അനുമതിയില്ലെങ്കില്‍ അന്വേഷണച്ചുമതല ഒഴിയാനും ആലോചനയുണ്ട്.
കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളത്രയും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ബിഷപ്പിനെതിരായ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. 2014 -16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍ വെച്ച് 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പ് മഠത്തില്‍ തങ്ങിയതിന് സന്ദര്‍ശക രജിസ്റ്റര്‍ തെളിവാണ്. വൈദ്യ പരിശോധന റിപ്പോര്‍ട്ടും മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴിയുമാണ് ബിഷപ്പിനെതിരായുള്ള മറ്റു തെളിവുകള്‍.
ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മൊഴിയും തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടും. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ തന്നെയായിരുന്നു അന്വേഷണ സംഘത്തിന്റെ ജലന്ധര്‍ യാത്ര. എന്നാല്‍ ഉന്നതതല ഇടപെടല്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കി. ബിഷപ്പിന്റെ മൊഴി കൂടി പരിശോധിച്ച ശേഷം നടപടി മതിയെന്നായിരുന്നു വിശദീകരണം. കേരളത്തില്‍ തിരിച്ചെത്തിയ അന്വേഷണ സംഘം ബിഷപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തി.
കന്യാസ്ത്രീ പീഡനത്തിനിരയായ 2014 മെയ് അഞ്ചിന് കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ഇതേ ദിവസം തൊടുപുഴ മുതലക്കോടത്തെ മഠത്തിലാണെന്നായിരുന്നു വിശദീകരണം. ബിഷപ്പിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ മുക്കാല്‍ഭാഗവും തെറ്റാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. അറസ്റ്റ് അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുബാഷുള്ളത്. സെപ്റ്റംബര്‍ പത്തിന് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഡിവൈഎസ്പി കൈമാറും. എന്നിട്ടും അറസ്റ്റിന് അനുമതിയില്ലെങ്കില്‍ അന്വേഷണ ചുമതലയില്‍ നിന്ന് മാറി നില്‍ക്കാനാണ് ഡിവൈഎസ്പിയുടെ തീരുമാനമെന്നാണ് സൂചന.