ഏറ്റുമുട്ടല്‍ കൊല ചിത്രീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ച് പൊലീസ്; ഹിന്ദു പുരോഹിതരെ കൊലപ്പെടുത്തിയ രണ്ട് പേരെ വെടിവച്ചു കൊന്നു

അലിഗഡ്: ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയ ‘ഏറ്റുമുട്ടല്‍’ കൊലപാതകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അലിഗഡില്‍ ഏറ്റുമുട്ടല്‍ കൊലപാതകം കാണുന്നതിനും ചിത്രീകരിക്കുന്നതിനുമായി മാധ്യമ പ്രവര്‍ത്തകരെ കൂടി ക്ഷണിച്ചതിനും ശേഷമാണ് പോലീസ് രണ്ടു പേരെ വെടിവെച്ചത്. രണ്ട് ഹിന്ദു പുരോഹിതരെയുള്‍പ്പടെ ആറ് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുസ്താകിം, നൗഷാദ് എന്നിവരെയാണ് പോലീസ് വെടിവെച്ചത്.

മാധ്യമ പ്രവര്‍ത്തകര്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ , ‘ അക്രമികളെ’ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ കാണിച്ച് കൊടുക്കുന്നതും തുടര്‍ന്ന് ഉന്നം പിടിച്ച് വെടിവയ്ക്കുന്നതും വ്യക്തമാണ്. പുലര്‍ച്ചെ ആറരയോടെ ഒരു ബൈക്കിലെത്തിയ രണ്ട് പേര്‍ പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വണ്ടി നിര്‍ത്തിയില്ലെന്നും ഇവരെ പിന്തുടര്‍ന്ന് ചെന്നപ്പോള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തുവെന്നുമാണ് പൊലീസ് പറയുന്നത്. തിരികെ വെടിവച്ചപ്പോള്‍ ഇവര്‍ കൊല്ലപ്പെട്ടതാണെന്നും ആക്രമണത്തില്‍ പൊലീസുകാര്‍ക്കും പരിക്കുണ്ടെന്നുമാണ് അലിഗഡ് പൊലീസ് മേധാവി അജയ് സാഹ്നി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

രണ്ട് ഹിന്ദു പുരോഹിതന്‍മാരുള്‍പ്പടെ ആറ് പേരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്നലെ രാവിലെ അഞ്ച് മുസ്ലിങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

2017 മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 66 പേര്‍ ഇത്തരത്തില്‍ പൊലീസ് ‘ ഏറ്റുമുട്ടലുകളില്‍ ‘ കൊല്ലപ്പെട്ടുവെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം ഏറ്റുമുട്ടലുകള്‍ കുറ്റവാളികളെ അകത്താക്കുന്നതിനുള്ള ‘തന്ത്ര’ത്തിന്റെ ഭാഗമാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പൊലീസ് ചീഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഏറ്റമുട്ടലുകള്‍ ആവശ്യമായി വരുമെന്നും ഇതിനെ ഏറ്റമുട്ടലെന്നല്ല, പൊലീസ് ഇടപെടലുകളെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top