കൊച്ചി:കാവ്യ മാധവന് മാധ്യമങ്ങളോട് അലർജി ! നടി ആക്രമിക്കപ്പെട്ട കേസിൽ മാധ്യമങ്ങൾക്ക് മുന്നിലൂടെ ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്ന് പൊലീസിനെ അറിച്ച് കാവ്യാ മാധവൻ.തനിക്കെതിരെ തെളിവൊന്നും കിട്ടിയില്ല. അതുകൊണ്ട് തന്നെ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ അറിയിച്ചു. ഇതോടെ ചോദ്യം ചെയ്യലിന് കാവ്യ പറയുന്നിടത്ത് എത്താമെന്ന് പൊലീസ് അറിയിച്ചു. ക്രിമിനൽചട്ട പ്രകാരം സ്ത്രീകൾ മൊഴി നൽകാൻ എവിടെയെങ്കിലും ഹാജരാകാൻ പ്രയാസം അറിയിച്ചാൽ അവർ പറയുന്നിടത്തെത്തി വനിത പൊലീസ് മൊഴിയെടുക്കണം എന്ന നിയമം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നീക്കം.ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നേരത്തേ രഹസ്യകേന്ദ്രത്തിൽ വച്ച് കാവ്യയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ നിരവധി തവണയാണ് കാവ്യാമാധവൻ പൊട്ടിക്കരഞ്ഞത്. വിഡിയോ കോൺഫറൻസിലൂടെ ഡിജിപി അടക്കമുള്ളവരും ചോദ്യം ചെയ്യലിൽ പങ്കെടുത്തു. എന്നാൽ ഇത് ഔദ്യോഗിക മൊഴിയെടുക്കൽ ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ക്ലബ്ബിൽ മൊഴിയെടുക്കാനെത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തത് പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ്. അതിനാൽ താൻ പൊലീസ് ക്ലബ്ബിൽ വരില്ലെന്നാണ് കാവ്യയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് പൊലീസ് നടിയോട് എവിടെ എത്തണമെന്ന് ചോദിച്ചത്. ഇതിനും വഴങ്ങിയില്ലെങ്കിൽ കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യും.
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. ഇതിനായി ആലുവ പൊലീസ് ക്ലബ്ബിലെത്താൻ താരത്തിന് നോട്ടീസ് നൽകിയതായാണ് വിവരം. ക്രിമിനൽ ചട്ടം 160 അനുസരിച്ചാണ് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ തനിക്ക് പൊലീസ് ക്ലബ്ബിലെത്താൻ കഴിയില്ലെന്ന നിലപാടാണ് കാവ്യ മുന്നോട്ട് വച്ചത്.ഇതിനുമുമ്പ് ടെലിഫോൺ വഴിയും ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയും ചോദ്യം ചെയ്യലിന് പൊലീസ് ക്ലബിൽ ഹാജരാകണമെന്ന് അന്വേഷണസംഘം കാവ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശാരീരികമായ ചില ബുദ്ധിമുട്ടുകള്‍ തനിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ആ സമയത്തും കാവ്യ ഹാജരായിരുന്നില്ല. ഇതിനിടെ രഹസ്യകേന്ദ്രത്തിൽ താരത്തിന്റെ മൊഴിയെടുത്തതായും റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ ഇപ്പോഴത്തെ നോട്ടീസിൽ തനിക്ക് മാധ്യമങ്ങളുടെ മുന്നിൽ കൂടി പൊലീസ് ക്ലബ്ബിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നാണ് കാവ്യയുടെ നിലപാട്. ഇത് തന്നെക്കുറിച്ച് സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിക്കുന്നതിന് ഇടയാക്കുമെന്നും താരം വാദിച്ചിരുന്നു. മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തിൽ വേണമെങ്കിൽ തന്റെ മൊഴിയെടുക്കാമെന്നും കാവ്യ അറിയിച്ചു.തുടർന്ന് കാവ്യ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു. ക്രിമിനൽചട്ട മനുസരിച്ച് സ്ത്രീകൾ മൊഴി നൽകാൻ എവിടെയെങ്കിലും ഹാജരാകാൻ പ്രയാസം അറിയിച്ചാൽ അവർ പറയുന്നിടത്തെത്തി വനിത പൊലീസ് മൊഴിയെടുക്കണം. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയേ ഇത്തരത്തിൽ മൊഴിയെടുക്കാൻ പാടുള്ളൂ. ഇത്തരത്തിൽ ഉടൻ തന്നെ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
കേസിൽ മഞ്ജു വാര്യരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ദിലീപും മഞ്ജുവുമായുള്ള വിവാഹ മോചനമാണ് നടിയെ ആക്രമിക്കാനുള്ള പ്രതികാരമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ഈ സാഹചര്യത്തിൽ വ്യക്തത വരുത്താനായിരുന്നു മഞ്ജുവിനെ എഡിജിപി സന്ധ്യ കണ്ടത്. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു ഇത് നടന്നത്. ഈ സാഹചര്യത്തിൽ തന്നേയും അതീവ രഹസ്യമായി മാത്രമേ ചോദ്യം ചെയ്യാനാകൂവെന്നാണ് കാവ്യയുടെ പക്ഷം. മഞ്ജു വാര്യർക്ക് നൽകിയ നീതി തനിക്കും വേണമെന്നാണ് ആവശ്യം. എന്നാൽ പൊലീസിന് നൽകിയ ഔദ്യോഗിക മറുപടിയിൽ ഇതുണ്ടാകില്ല. പരോക്ഷമായി ഇത് പൊലീസിനെ അവർ അറിയിച്ചിട്ടുണ്ട്.
ഒരു മാഡം നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പൾസർ സുനി മൊഴി നൽകിയിരുന്നത്. ഇത് കാവ്യയോ അമ്മയോ ആണോയെന്ന സംശയത്തിലാണ് പൊലീസ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് കാവ്യ ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിലുടനീളം സ്വീകരിച്ചത്. അതീവ രഹസ്യമായാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ രണ്ടാം ഭാര്യയും നടിയുമായ കാവ്യാ മാധവനെ മുൻപ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മൂന്നരമണിക്കൂറോളം നീണ്ടു നിന്നു. കേസിലെ ഗൂഢാലോചനയെക്കുറിച്ച് കാവ്യയ്ക്ക് അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണസംഘം പ്രധാനമായും അന്വേഷിക്കുന്നത്. കാവ്യയുടെ അമ്മയേയും അന്ന് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം ദിലീപിൽ നിന്നും പൊലീസ് കാര്യങ്ങൾ തിരിക്കി. പിന്നീട് അന്വേഷണവുമായി ദിലീപ് സഹകരിച്ചതുമില്ല.
കേസ് അന്വേഷണം വഴിമുട്ടിക്കാനാണ് ദിലീപ് ഇത്തരം തന്ത്രം സ്വീകരിച്ചതെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. അതിന് പിന്നാലെയാണ് കാവ്യയും നിസ്സഹകരണം അറിയിക്കുന്നത്. ആക്രമിച്ച കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിയും പൾസർ സുനിയെ കോടതിയിൽ ഹാജരാക്കാൻ സഹായിച്ച അഡ്വ. പ്രതീഷ് ചാക്കോയും പ്രതിയാകുമെന്നാണ് സൂചന. നടിയെ ആക്രമിക്കുന്നതിനുള്ള ക്വട്ടേഷനിൽ അപ്പുണ്ണിക്ക് വ്യക്തമായ അറിവും പങ്കാളിത്തവുമുണ്ടായിരുന്നുവെന്നതിനും പൊലീസ് അന്വേഷണ സംഘത്തിന് തെളിവു ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോൺ അഡ്വ. പ്രതീഷ് ചാക്കോ, ദിലീപിനെ ഏൽപിച്ചുവെന്നാണ്് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ, നടി കാവ്യാ മാധവനെയും അമ്മ ശ്യാമള മാധവനെയും കേസിൽ പ്രതി ചേർക്കില്ലെന്ന് റിപ്പോർട്ടുണ്ട്.കാവ്യാ മാധവനെയോ അമ്മ ശ്യാമളാ മാധവനെയോ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാട് മാവേലിപുരത്തെ ലക്ഷ്യയിൽ നിന്ന് മെമ്മറി കാർഡോ മറ്റെന്തെങ്കിലും തെളിവുകളോ ലഭിച്ചിട്ടില്ല. വ്യക്തമായ തെളിവില്ലാതെ ആരെയും കേസിൽ പ്രതിചേർക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചത്. ദിലീപിന്റേയും കാവ്യയുടേയും മൊഴികളിലെ വൈരുദ്ധ്യം ഉറപ്പുവരുത്താൻ കൂടിയാണ് ഇത്. ഇതിന് പറ്റില്ലെന്നാണ് കാവ്യ പറയുന്നത്. ഇതിനെ തുടർന്ന് കാവ്യ ആവശ്യപ്പെടുന്നിടത്ത് എത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു.