പയ്യന്നൂര്‍: ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളില്‍ നാളെ മുതല്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പദയാത്രകള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. സി.പി.എം കോട്ടയും മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടുമായ പയ്യന്നൂരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അമിത് ഷാ ആരോപിച്ചു. 120ലധികം ബി.ജെ.പി പ്രവര്‍ത്തകരാണ് 2011നുശേഷം സംസ്ഥാനത്ത് സി.പി.എം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ 84 പേര്‍ കണ്ണൂരില്‍ മാത്രമാണ്. സി.പി.എം അധികാരത്തില്‍ വന്നശേഷം 14 പേര്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടതായും ബി.ജെ.പി ആരോപിച്ചു. ‘എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് യാത്ര. പയ്യന്നൂര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര വലിയ പൊതുസമ്മേളനത്തിനാണ് പഴയ ബസ് സ്റ്റാന്‍ഡ് പരിസരം സാക്ഷ്യം വഹിച്ചത്. ഗാന്ധി പ്രതിമയില്‍ അമിത് ഷായും നേതാക്കളും പുഷ്പഹാരം അര്‍പ്പിച്ചശേഷം വൈകിട്ട് മൂന്നരയോടെ പദയാത്ര പ്രയാണം തുടങ്ങി. അമിത് ഷായടക്കമുള്ള ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കുചേര്‍ന്ന യാത്ര ആറ് മണിയോടെ പിലാത്തറയില്‍ സമാപിച്ചു.
ജനരക്ഷാ യാത്രയുടെ ഭാഗമാകാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കണ്ണൂരിലെത്തും. കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുള്ള പദയാത്രയില്‍ യോഗി ആദിത്യനാഥ് പങ്കെടുക്കും. വിവിധ ജില്ലകളിലൂടെ കടന്നുപോകുന്ന പദയാത്ര ഈ മാസം 17നാണ് തിരുവനന്തപുരത്ത് സമാപിക്കും. ഓരോ ദിവസവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘം പദയാത്രയില്‍ അണിചേരും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, രാധാകൃഷ്ണന്‍, എം.ടി രമേശ് തുടങ്ങിയവര്‍ കുമ്മനത്തോടൊപ്പം യാത്രയിലുണ്ട്.
കേരളത്തില്‍ നിന്നുള്ള ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനു പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി, പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, കായിക മന്ത്രി രാജ്യവര്‍ദ്ധന്‍സിംഗ് റാത്തോര്‍, സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ, വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിംഗ് തുടങ്ങിയ മന്ത്രിമാര്‍ ജനരക്ഷാ യാത്രയില്‍ വിവിധ സ്ഥലങ്ങളിലായി പങ്കെടുക്കും. അതേസമയം ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആട് ഇല കടിച്ചു പോകുന്നത് പോലെയാണ് അമിത് ഷായുടെ യാത്രയെന്ന് കോടിയേരി പരിഹസിച്ചു. ആട് ഒരിടത്ത് ഇല കടിച്ചാല്‍ പിന്നെ വേറൊരിടത്താകും. അതുപോലെ അമിത് ഷായുടെ യാത്ര ആദ്യ ദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ. പിന്നെ വിശ്രമം. നടക്കുമ്പോള്‍ കാല് പൊട്ടുന്നത് കൊണ്ടാകാം വിശ്രമം. പിന്നെ രണ്ട് ദിവസം കഴിഞ്ഞാണ് യാത്ര. കേരളത്തില്‍ നടന്ന ജാഥകളുടെ ചരിത്രത്തെ തന്നെ പരിഹസിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നടന്ന ജാഥകളെക്കുറിച്ച് അമിത് ഷായ്ക്ക് കുമ്മനം രാജശേഖരന്‍ പറഞ്ഞു കൊടുക്കണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും ജാഥയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് പറയുന്നത്. അവര്‍ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യട്ടെ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ക്ക് വെളിപ്രദേശങ്ങളില്‍ മൂത്രമൊഴിക്കേണ്ടി വരില്ലെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ എല്ലായിടത്തും കക്കൂസ് ഉണ്ട്. കക്കൂസ് നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ഇന്ധന വില വര്‍ദ്ധന എന്നാണ് പറയുന്നത്. കേരളത്തില്‍ എല്ലായിടത്തും കക്കൂസ് ഉള്ളതിനാല്‍ വില വര്‍ദ്ധനയില്‍ നിന്ന് കേരളത്തെ എങ്കിലും ഒഴിവാക്കണമെന്നും കോടിയേരി പറഞ്ഞു.