‘ജനാധിപത്യത്തിൻറെ ഉത്സവം’ നടക്കുമ്പോൾ ഉപ്പളയിലെ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടു.കൊലപാതക രാഷ്ട്രീയം അപലപനീയം:വി.എം.സുധീരൻ

sudheeran-vm

കൊച്ചി:കേരളത്തിലെ കൊലപാതക രാഷ്ട്രീയം അപലപനീയമെന്ന് വി.എം.സുധീരൻ തന്റെ ഫെയ്‌സ് ബുക്കിൽ കുറിച്ചു .കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങൾ സംസ്ഥാനത്തിൻറെയും ജനങ്ങളുടെയും മഹനീയ പാരമ്പര്യങ്ങൾക്ക് ചേർന്നതല്ലെന്ന രാഷ്ട്രപതിയുടെ പരാമർശം എത്രയോ പ്രധാനപ്പെട്ടതും പ്രസക്തവുമാണ്. അക്രമം അവസാനിപ്പിക്കാൻ രാഷ്ട്രീയപാർട്ടികളും ബോധമുള്ള എല്ലാ പൗരന്മാരും അങ്ങേയറ്റം ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോർട്ടിലുണ്ട്.

സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ‘ജനാധിപത്യത്തിൻറെ ഉത്സവം’ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് രാഷ്ട്രപതിയുടെ ഈ ഉദ്ബോധനം എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് ‘ജനാധിപത്യത്തിൻറെ ഉത്സവം’ നടക്കുമ്പോൾ തന്നെയാണ് ആർ.എസ്.എസുകാരാൽ കൊല്ലപ്പെട്ട മഞ്ചേശ്വരം ഉപ്പളയിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായ അബൂബക്കർ സിദ്ദിഖിന് ആദരാഞ്ജലി അർപ്പിക്കേണ്ടി വന്നത്. അങ്ങേയറ്റം അപലപനീയമാണ് ഈ ക്രൂരമായ കൊലപാതകം.

കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയും സംസ്ഥാനത്തെ മുഖ്യ ഭരണകക്ഷിയായ സി.പി.എമ്മും പരസ്പരം നടത്തിവരുന്ന ആളെ കൊല്ലുന്ന രാഷ്ട്രീയ പരമ്പരയുടെ ഒടുവിലത്തെ ഇരയാണ് അബൂബക്കർ സിദ്ദിഖ്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടതിൻറെ പേരിൽ എത്രയെത്ര രാഷ്ട്രീയ പ്രവർത്തകരാണ് കൊലക്കത്തിക്കിരയായത്. എത്രയോ കുടുംബങ്ങളിലാണ് തോരാത്ത കണ്ണീരുമായി ഉറ്റവർ കഴിയുന്നത്.

നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഷുഹൈബ് വധത്തിൻറെ അലയടി ഇന്നും സജീവമായി നിലനിൽക്കുകയാണ്. ഇതിനുത്തരവാദികൾ സി.പി.എം ക്രിമിനലുകളാണെങ്കിൽ മഹാരാജാസിലെ അഭിമന്യുവിനെ മൃഗീയമായി കൊലപ്പെടുത്തിയത് തീവ്ര വർഗീയ പ്രസ്ഥാനമായ എസ്.ഡി.പി.ഐ കൊലയാളികളാണ്. യുവാവായ ഷുഹൈബിൻ്റെയും വിദ്യാർത്ഥിയായ അഭിമന്യുവിൻ്റെയും കുടുംബങ്ങളുടെ സർവ്വ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തകർക്കപ്പെട്ടത്.

ഇനിയെങ്കിലും ആയുധങ്ങൾ ഉപേക്ഷിക്കാനും കൊലപാതക രാഷ്ട്രീയ ശൈലിയിൽ നിന്നും പിൻവാങ്ങാനും ബി.ജെ.പിയും സി.പി.എമ്മും ആർ.എസ്.എസും എസ്.ഡി.പി.ഐയും തയ്യാറാകണം.

കൊലപാതകമുൾപ്പെടെ കുറ്റകൃത്യം ചെയ്യുന്ന ക്രിമിനലുകൾക്കെതിരെ ശക്തവും മാതൃകാപരവുമായ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസിന് കഴിയാത്തതാണ് ഈയൊരു ദുരവസ്ഥയിലേക്ക് എത്തിച്ചത്.നിയമപ്രകാരം പ്രവർത്തിക്കാൻ പോലീസിനെ പ്രാപ്തമാക്കിയേ മതിയാകൂ.

രാഷ്ട്രപതിയുടെ ആഹ്വാനം ഉൾക്കൊള്ളാൻ കേന്ദ്ര-സംസ്ഥാന ഭരണകക്ഷികൾ തയ്യാറാകുമോ.?
പോലീസിനെ തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റാൻ അനുവദിക്കുമോ.?
ഇതാണ് പ്രസക്തമായ ചോദ്യം.

അക്രമികൾ ആരായാലും അത് ബി.ജെ.പിയിലോ സി.പി.എമ്മിലോ ആർ.എസ്.എസിലോ എസ്.ഡി.പി.ഐയിലോ പെട്ടവരാകട്ടെ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാനും അർഹമായ നിലയിൽ ശിക്ഷിക്കപ്പെടുന്ന സാഹചര്യമൊരുക്കാനും പോലീസിന് കഴിഞ്ഞാൽ മാത്രമേ അക്രമ രാഷ്ട്രീയം ഇല്ലാതാക്കാനാവൂ.രാഷ്ട്രപതിയുടെ കേരളത്തെ കുറിച്ചുള്ള പ്രസക്തമായ വിലയിരുത്തലും തുടർന്നുള്ള ആഹ്വാനവും ചോരക്കളിയുമായി മുന്നോട്ടുപോകുന്ന രാഷ്ട്രീയ-വർഗ്ഗീയ പ്രസ്ഥാനങ്ങളുടേയും അതിനെല്ലാം നേതൃത്വം കൊടുക്കുന്നവരുടേയും കണ്ണു തുറപ്പിക്കട്ടെ.

Top