
കണ്ണൂര്‍ :പിണറായിക്ക് എതിരെ സി.പി.എമ്മില്‍ കരുനീക്കം നടക്കുന്നുണ്ടോ എന്ന സംശയം ഉയരുന്നു .ധര്‍മടം മണ്ഡലത്തിലെ കൊലപാതകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.എമ്മിലെ തന്നെ ഒരു വിഭാഗം ആസൂത്രിതമായി ചെയ്യുന്നതാണെന്ന് ആക്ഷേപം. പിണറായി മുഖ്യമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നാല് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. അതില്‍ മൂന്നിലും മരിച്ചത് ബി.ജെ.പിക്കാരാണ്. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ജയത്തെ തുടര്‍ന്ന് നടന്ന ആഹഌദപ്രകടനത്തില്‍ പിണറായിക്ക് സമീപം സി.പി.എം പ്രവര്‍ത്തകനായ രവീന്ദ്രന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ സംഘട്ടനങ്ങള്‍ നടന്നു. അതിന് ശേഷം കണ്ണൂരില്‍ മാത്രം ഏഴ് കൊലപാതകങ്ങളാണ് നടന്നത്.
ഏറ്റവും അവസാനം തലശേരി അണ്ടലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് (52) വെട്ടേറ്റു മരിച്ചു. അതും പിണറായി വിജയന്റെ മണ്ഡലത്തിലാണ്. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പിണറായിയുടെ നേതൃത്വത്തില്‍ സര്‍വക്ഷിയോഗം വിളിച്ച് എല്ലാ പ്രശ്‌നങ്ങളും ഒത്ത് തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് മുഖ്യമന്ത്രിയായ പിണറായിയുടെ ചില കര്‍ക്കശ നിലപാടുകളിലുള്ള പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചിട്ടും കാര്യമുണ്ടായില്ല. ഇതേ തുടര്‍ന്ന് ചിലരുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ അക്രമം അഴിച്ച് വിടുകയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍്ക്കാരിന് കഴിയുന്നില്ലെന്ന് വരുത്തി തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.