വിഎസിന് സ്വതന്ത്ര അധികാരമുള്ള പദവി; എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കും

vs-achuthanandan

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായി. വിഎസിന് സ്വതന്ത്ര അധികാരമുള്ള പദവി നല്‍കാനാണ് തീരുമാനം. ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കാനാണ് സിപി.എം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ എല്ലാവിധ ആനുകൂല്യങ്ങളും വിഎസിന് ലഭിക്കും.

വിഎസിന് പുതിയ പദവി നല്‍കുമ്പോള്‍ സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിബിയില്‍ നിര്‍ദേശമുയര്‍ന്നു. പദവി നല്‍കിയതിനെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കും. എന്നാല്‍, സര്‍ക്കാറായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുക.
ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, എല്‍ഡിഎഫ് ചെയര്‍മാന്‍ എന്നീ പദവികളില്‍ ഒന്നാണ് ലഭിക്കുക. പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നപ്പോള്‍ ലഭിച്ച ആനുകൂല്യങ്ങളൊക്കെയും ലഭിക്കുന്നതായിരിക്കും പദവി.

വിഎസിന് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്നും വിഎസ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. വിഎസ് പദവികള്‍ ആവശ്യപ്പെട്ട് തനിക്ക് കുറിപ്പ് നല്‍കിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെൂച്ചൂരി കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞത് വി എസിന് ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു.

ഇടതു മന്ത്രസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് കുറിപ്പ് വിവാദം ഉണ്ടായത്. ചടങ്ങിനിടെ വിഎസിന്റെ കൈയില്‍ കണ്ട കുറിപ്പില്‍ വിഎസിന്റെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണെന്നായിരുന്നു വാര്‍ത്തകള്‍ ആദ്യം പരന്നത്. ഇത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് വിഎസിന് നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ വാര്‍ത്തകള്‍ നിഷേധിച്ച് യെച്ചൂരി രംഗത്തെത്തി. കത്ത് താനല്ല നല്‍കിയതെന്നും വിഎസ് തനിക്കാണ് കത്ത് നല്‍കിയതെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.

Top