കൊച്ചി:ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി യാത്രയായ ആൽഫി ഇവാൻ എന്ന പിഞ്ചു ബാലന്‍റെ വിയോഗത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ട്വിറ്ററിൽ കൂടിയാണ് അദ്ദേഹം ആൽഫിയുടെ വേർപാടിൽ ദുഖം രേഖപ്പെടുത്തിയത്. ആൽഫിയുടെ വിയോഗം തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും. കുട്ടിയുടെ മാതാപിതാക്കൾക്കു വേണ്ടി പ്രാർഥിക്കുന്നുവെന്നുമാണ് അദ്ദേഹം കുറിച്ചത്.
ആൽഫിയുടെ അവസ്ഥയറിഞ്ഞ് വത്തിക്കാൻ വരെ ഇടപെട്ട സംഭവത്തിൽ ആൽഫിക്ക് ഇറ്റലി പൗരത്വം വരെ നൽകിയിരുന്നു. ചികിത്സയിൽ ഫലമില്ലെന്നും മരിക്കാൻ കുട്ടിയെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടർമാർ കോടതിയെ സമീപിച്ചുവെങ്കിലും പ്രതീക്ഷ നഷ്ടപ്പെടാതിരുന്ന മാതാപിതാക്കൾ വിദഗ്ദ ചികിത്സയ്ക്കായ് ആൽഫിയെ ഇറ്റലിയിലേക്കു കൊണ്ടുപോകുവാൻ തയാറായപ്പോഴാണ് ആൽഫി എല്ലാവരെയും വിട്ടകന്നത്.
നാലു മാസം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കുട്ടിയെ രക്ഷിക്കുവാൻ സാധിക്കില്ല എന്ന നിഗമനത്തിൽ ജീവൻ രക്ഷഉപകരണങ്ങൾ മാറ്റുവാൻ അനുവദിച്ച് ഫെബ്രുവരി ഇരുപതിന് കോടതി വിധി വന്നിരുന്നു. ആ വിധി നടപ്പിലായപ്പോൾ നഷ്ടമായത് ഒരു കുടുംബത്തിന്‍റെ മാത്രമല്ല ലോകം മുഴുവനുമുള്ള ആളുകളുടെ പ്രതീക്ഷകൂടിയാണ്.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30നാണ് ആൽഫി ലോകത്തോട് വിടപറഞ്ഞത്.വാർത്തയറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലി അർപ്പിക്കുവാനായി പലസ്ഥലങ്ങളിലുമായി തടിച്ചു കൂടിയത്.നീല ബലൂണുകൾ അന്തരീക്ഷത്തിലേക്കു പറത്തിയും സന്ദേശങ്ങൾ കൈമാറിയും ആളുകൾ അവരുടെ സ്നേഹം വെളിപ്പെടുത്തി. മാത്രമല്ല ഫ്രാൻസിസ് മാർപാപ്പയും ആൽഫിയുടെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തിയിരുന്നു. എന്‍റെ പോരാളി അവന്‍റെ പടച്ചട്ട താഴെ വെച്ച് ചിറകുകൾ സ്വീകരിച്ചുവെന്ന് പിതാവ് ടോം ഇവാൻസ് ഫേസ്ബുക്കിൽ കുറിച്ചപ്പോൾ ദുഖത്തിൽ പങ്കുചേരുവാൻ പ്രാർത്ഥനകളോടെ ധാരാളമാളുകൾ എത്തിയിരുന്നു.
ചികിത്സിച്ചു ഭേദമാക്കുവാൻ ബുദ്ധിമുട്ടുള്ള തരത്തിലുള്ള മസ്തിഷ്ക്ക രോഗമായിരുന്നു ആൽഫിയുടെ പ്രശ്നം. ഇതിനെ തുടർന്ന് ഇരുപത്തി മൂന്ന് മാസങ്ങളായി ഇംഗ്ലണ്ടിലെ ലിവർ പൂൾ ആശുപത്രിയിൽ ഉപകരണങ്ങളുടെ സഹായത്താലാണ് ആൽഫിയുടെ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ ഈ അവസ്ഥയിൽ ഇനി തുടരുന്നതിൽ അർത്ഥമില്ലെന്നും ഇവ മാറ്റണമെന്നും കാട്ടി ആശുപത്രി അധികൃതർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്രതീക്ഷ കൈവിടാതിരുന്ന മാതാപിതാക്കൾ തുടർ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് കൊണ്ടു പോകണമെന്ന് അനുമതി തേടിയിരുന്നു.