ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെന്ന പേരില്‍ രാജ്യമൊട്ടാകെ കലാപം അഴിച്ചുവിടുന്നതിന് പോപ്പുലര്‍ ഫ്രണ്ടാണ് ഫണ്ടിങ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിന് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതാത് സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടോയെന്ന് പരിശോധിച്ച് വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തുടനീളം സംഘര്‍ഷങ്ങള്‍ നടത്താനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 120 കോടി രൂപ 73 സ്ഥാപനങ്ങളിലായി നിക്ഷേപം നടത്തിയതായാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍. ഉത്തര്‍പ്രദേശിലെ സിഎഎ വിരുദ്ധ കലാപവും, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് നേരത്തെ ലഭിച്ചിരുന്നു.
സമാനതകളില്ലാത്ത അക്രമങ്ങള്‍ നടന്ന പ്രദേശങ്ങളിലേക്ക് പണം കൈമാറ്റം നടന്നെന്നും തുടര്‍ന്നാണ് അവിടെ കലാപങ്ങള്‍ നടന്നതെന്നതും എന്‍ഫോഴ്സ്മെന്റ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.ഡിസംബറില്‍ പാര്‍ലമെന്റ് സിഎഎ അംഗീകരിച്ചതിന് ശേഷം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍, ഹാപൂര്‍, ബഹ്‌റൈച്ച്, ഷംലി തുടങ്ങിയ പ്രദേശങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കും. നിലവില്‍ കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ സംസ്ഥാനങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുടെ മറവില്‍ അരങ്ങേറിയ അക്രമങ്ങളിലും കലാപത്തിലും പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഘടനയെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.