ആത്മഹത്യയ്ക്ക് മുന്നിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല ഞാൻ എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന പ്രചാരണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃ‍ഷ്ണന്‍. തനിക്കെതിരെ ചില മാധ്യമങ്ങളില്‍ ഉയരുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത് എത്തി . സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെ സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വ്യാജ പ്രചരണം. അമിതമായി ഉറക്ക ഗുളികള്‍ കഴിച്ചായിരുന്നു സ്പീക്കര്‍ ആത്മഹത്യ ശ്രമം നടത്തിയതെന്നും വ്യാജ വാര്‍ത്തയില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ പ്രചരണം തള്ളി സ്പീക്കര്‍ നേരിട്ട് രംഗത്തെത്തുകയായിരുന്നു. ഫേസ്ബുക്ക് വീഡിയോയിലാണ് സ്പീക്കർ ആരോപണം തള്ളി രംഗത്തെത്തിയത്.

താന്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ലെന്ന് സ്പീക്കര്‍ വീഡിയോയിലൂടെ പറഞ്ഞു. ഇത്തരം കുപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഏത് അന്വേഷണ ഏജന്‍സിയുടെ മുന്നിലും എപ്പോള്‍ വേണമെങ്കിലും അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും സ്പീക്കര്‍ പറഞ്ഞു. ഇക്കാര്യം നിയമസഭയിലും പുറത്തും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാനിവിടെയുണ്ട് എന്ന് പറയേണ്ട അവസ്ഥയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചരണം എത്തിപ്പെട്ടിരിക്കുന്നു. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു, എന്റെ കുടുംബം തകര്‍ന്നുപോയി തുടങ്ങിയ ദിവാസ്വപ്‌നങ്ങള്‍ പ്രചരിപ്പിക്കുന്ന നികൃഷ്ട ജീവി നവമാധ്യമങ്ങളിലൂടെ പ്രചരണം ആരംഭിച്ചു. പാവപ്പെട്ട ചിലയാളുകള്‍ ഇത് വിശ്വസിച്ചിട്ടുണ്ടാവാം. എന്നാല്‍ താന്‍ ഒരു ആത്മഹത്യയുടെയും അഭയം പ്രാപിക്കുന്ന ഒരാളല്ല ഞാന്‍, അത്ര ഭീരുവുമല്ല- ശ്രീരാമകൃഷ്ണന്‍ വീഡിയോയില്‍ പറഞ്ഞു.

രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടു കൂടി എന്റെ മരണം പോലും പ്രതീക്ഷിക്കുന്ന, മരണം പോലും ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രചരണം കൊണ്ടുവരുന്നത് എനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണമായിട്ട് ഞാന്‍ കരുതുന്നില്ല. ആ സുഹൃത്തിനോട് ഞാന്‍ പറയുന്നു, നിങ്ങള്‍ അതില്‍ പരാജയപ്പെടും. ഇത് എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാന്‍ നില്‍ക്കുന്നത്. ഞാന്‍ പത്ത് വയസില്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയൊരാളാണ്.

കഴിഞ്ഞ നാല്‍പത് വര്‍ഷക്കാലത്തെ വ്യത്യസ്തമായ അനുഭവങ്ങളില്‍, കഠിനവും ശക്തവും നല്ലതും ചീത്തയുമായിട്ടുള്ള ഒരുപാട് അനുഭവങ്ങളുടെ മൂശയില്‍ വാര്‍ത്തെടുത്ത ഒരു വ്യക്തിത്വമാണ് ഞാന്‍. അതുകൊണ്ട് ഇത്തരം പ്രചരണങ്ങളുടെ മുന്നില്‍ ഞാന്‍ തലകുനിച്ച് പോകുമെന്ന് പ്രതീക്ഷിക്കേണ്ട. നിങ്ങളാരുമിത് വിശ്വസിക്കേണ്ടതില്ല. ഇതെല്ലാം ശുദ്ധകളവാണ്, ശുദ്ധ അസംബന്ധമാണ്.

എനിക്ക് അല്‍പ്പം പനിപിടിച്ചിട്ടുണ്ട്. അത് സത്യമാണ്. ഞാന്‍ പനിപിടിച്ച് ഇന്ന് പകല്‍സമയത്ത് വിശ്രമത്തിലായിരുന്നു. ഇന്ന് വൈകുന്നേരമാണ് ഈ വാര്‍ത്ത പ്രചരിക്കുന്ന വിവരം ഞാന്‍ അറിഞ്ഞത്. അത് തള്ളിക്കളയുക. ഇത്തരത്തിലുള്ള കുപ്രചരണങ്ങളെ തള്ളിക്കളയുന്നതിനോടൊപ്പം ഈ അധമ മാദ്ധ്യമപ്രവര്‍ത്തനം നടത്തുന്നവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നുള്ളത് കേരളം തീരുമാനിക്കട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ആവശ്യപ്പെടുന്നു. നന്ദി- ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Top