
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകള്‍ പല പൊല്ലാപ്പും ഉണ്ടാക്കിയിട്ടുണ്ട്. ചലവ പൊട്ടിത്തെറിച്ചെന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് കാറിന് കേടുപാട് സംഭവിച്ച വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവായി. ഛത്തീസ്ഗഡ് സ്വദേശി അങ്കിത് മഹാജനാണ് 1.35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്‍സ്യൂമര്‍ കോടതി ഉത്തരവിട്ടത്.
ആംബ്രെയ്ന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആംബ്രെയ്ഡ് പി-2000 20800 മെഗാ ഹെഡിന്റെ പവര്‍ ബാങ്കാണ് 2016 ആഗസ്റ്റില്‍ പൊട്ടിത്തെറിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്നാപ് ഡീല്‍ വഴി 1,699 രൂപ മുടക്കിയാണ് അങ്കിത് പവര്‍ബാങ്ക് സ്വന്തമാക്കിയത്. പവര്‍ ബാങ്കിന്റെ നിര്‍മ്മാതാക്കളും ഇടപാടുകാരും ഓണ്‍ലൈന്‍ വാണിജ്യ ഇടപാടുകാരുമാണ് തുക നല്‍കേണ്ടത്.
പവര്‍ ബാങ്കിന്റെ യുഎസ്ബി പോര്‍ട്ടില്‍ തകരാറ് കണ്ട അങ്കിത് ഈ ഉല്‍പ്പന്നത്തിന് പകരം മറ്റൊന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ നടപടി എടുക്കാനോ പകരം മറ്റൊന്ന് നല്‍കാനോ കമ്പനി തയ്യാറായില്ല. ഇതിനിടെ, അങ്കിത് തന്റെ ഓഡി എ ഫോര്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഓഫീസില്‍ പ്രവേശിക്കവേയാണ് സംഭവം നടന്നത്. പിന്‍ സീറ്റില്‍ ഇട്ടിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിക്കുകയും കാറിന്റെ ഇന്റീരിയല്‍ ഭാഗികമായി നശിക്കുകയും ചെയ്തു. കാറിന് തകരാര്‍ പരിഹരിക്കാന്‍ 4.92 ലക്ഷം രൂപയാണ് ഇയാള്‍ക്ക് ചെലവായത്. ഇതില്‍ 4.74 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനി അടച്ചു. പക്ഷെ 18,340 രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവായതായി അങ്കിത് ഉപഭോക്തൃ കോടതിയെ അറിയിക്കുകയായിരുന്നു.
ഉച്ചക്ക് വെയിലത്ത് നിര്‍ത്തിയിട്ട കാറിനകത്ത് പവര്‍ ബാങ്ക് വച്ചതാണ് അപകടം ഉണ്ടാക്കിയതെന്ന് ആംബ്രെയ്ന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫോറത്തില്‍ പറഞ്ഞു. അതേ സമയം തങ്ങള്‍ ഉല്‍പ്പാദകരോ വില്‍പ്പനക്കാരോ അല്ലെന്ന് സ്നാപ്ഡീല്‍ വിശദീകരണവുമായി രംഗത്തെത്തി. പക്ഷെ രണ്ട് വാദവും കണ്‍സ്യൂമര്‍ കോടതി തളളുകയായിരുന്നു.