ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതി വീട്ടുകാര്‍ പോലും കയ്യൊഴിഞ്ഞു; മയക്കുമരുന്നിന് അടിമയായി തെരുവില്‍ അലഞ്ഞിരുന്ന യുവാവിന്റെ മാറ്റം അദ്ഭുതപ്പെടുത്തുന്നത്…

ബാല്യകാലസുഹൃത്തായ വാന്‍ജ മുവാരയെ കാണുന്നതിന് മുമ്പ് വരെ കെനിയന്‍ സ്വദേശിയായ പാട്രിക് ഹിന്‍കയുടെ ജീവിതം ദയനീയമായിരുന്നു. വീടും വീട്ടുകാരെയുമെല്ലാം നഷ്ടപ്പെട്ട പാട്രിക് പൂര്‍ണമായും മയക്കുമരുന്നിന് അടിമയായി തെരുവില്‍ അലയുകയായിരുന്നു. എന്നാല്‍ രക്ഷകയായി വാന്‍ജ ജീവിതത്തിലേക്ക് കടന്നുവന്നതോടെ പാട്രിക്കില്‍ ഉണ്ടായ മാറ്റം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കുതന്നെ പാട്രിക് സിഗരറ്റിനും മരിജ്വാനയ്ക്കും അടിമയായിരുന്നു. പിന്നീട് അത് പാട്രിക്കിന്റെ ജീവിതം താറുമാറാക്കി. മാനസികനില തന്നെ തെറ്റി. പാട്രിക്കിനെ അമ്മയും മന്ത്രവാദക്കളങ്ങളിലേക്കും ഭ്രാന്താശുപത്രിയിലേക്കുമെല്ലാം കൊണ്ടുപോയി നോക്കി. പലവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്നെല്ലാം പാട്രിക് ഓടിപ്പോവുകയായിരുന്നു പതിവ്. ആശുപത്രിയില്‍ നിന്ന് ഓടിപ്പോകുന്ന പാട്രിക് തെരുവിലൂടെ നഗ്നനായി അലയുക പതിവായിരുന്നു. അല്ലെങ്കില്‍ മാലിന്യത്തില്‍ എന്തെങ്കിലും തിരഞ്ഞുകൊണ്ടിരിക്കും.

ആശുപത്രിവാസത്തിനിടയ്ക്ക് ഒരിക്കല്‍ ഒരു മരുന്നിന്റെ അമിത ഉപയോഗം പാട്രിക്കിന്റെ നില വഷളാക്കി. ആ മരുന്നിന്റെ അമിത ഉപയോഗം മയക്കുമരുന്നിന് തുല്യമായിരുന്നു. അങ്ങനെ ആ മരുന്നിന്റെ കുറിപ്പ് മോഷ്ടിച്ച് പാട്രിക് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങി അത് ഉപയോഗിക്കുക പതിവായി. അതോടെ പാട്രിക് ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് തന്നെ വീട്ടുകാര്‍ വിശ്വസിച്ചു. ഒരിക്കല്‍ എന്നന്നേക്കുമായി പാട്രിക് വീടു വിട്ടു. നെയ്‌റോബിയിലെ തെരുവുകളിലായി പിന്നീട് അവന്റെ ജീവിതം. എന്നാലും അവന്റെ അമ്മ അവന് പലപ്പോഴും ഭക്ഷണം എത്തിച്ചുനല്‍കും. അവന് ഭക്ഷണം നല്‍കാന്‍ ചെല്ലുന്നത് കാണുമ്പോള്‍ ‘ഭ്രാന്തന്റെ അമ്മ’ എന്ന് വിളിച്ച് പലരും കളിയാക്കുക വരെ ചെയ്തു. ഒരു ദിവസം പാട്രിക് തെരുവിലിരിക്കുന്നത് പഴയ സഹപാഠിയായ വാന്‍ജ കണ്ടു. പാട്രിക്കിനോട് സംസാരിച്ചു. തെരുവില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചുപോകാനും പുതിയൊരു ജീവിതം തുടങ്ങാനും ആവശ്യപ്പെട്ടു. പുനരധിവാസ കേന്ദ്രത്തിലാക്കി. അവിടെ നിന്ന് അവന്‍ രക്ഷപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സോഷ്യല്‍മീഡിയയിലൂടെ പണം സമാഹരിച്ച് പാട്രിക്കിനെ ചികിത്സിച്ചു. രോഗമുക്തനായി അവിടെ നിന്ന് ഇറങ്ങിയ പാട്രിക്കിന് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുള്ള സഹായവും ചെയ്തുനല്‍കി. ‘ഹിന്‍ഗാസ് സ്റ്റോര്‍’ എന്ന പേരില്‍. പൂര്‍ണമായും മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് മുക്തനായ പാട്രിക്കിന്റെ മാറ്റം ശരിക്കും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. തന്റെ രണ്ടാം ജന്മത്തില്‍ പാട്രിക് കടപ്പെട്ടിരിക്കുന്നത് പ്രിയ സുഹൃത്ത് വാന്‍ജയോടാണ്. ”ഞാന്‍ ഒരു പുതിയ മനുഷ്യനായത് പോലെ തോന്നുന്നു”, പാട്രിക് പറയുന്നു.22

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top