തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിനു കാരണം ചെകുത്താന്‍ സേവ. ഇന്ന് വൈകിട്ട് പിടിയിലായ പ്രതി കേഡല്‍ ജീന്‍സണ്‍ കുറ്റം സമ്മതിച്ചു. ചെകുത്താന്‍ സേവ നടത്തിയതാണ്. ജീവന്‍കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തുന്ന പൈശാചിക ആരാധനയുടെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രതി കുറ്റം സമ്മതിച്ചതായും നാലു കൊലപാതകങ്ങളും ഒരേ ദിവസം തന്നെയാണു നടന്നതെന്നും ഡിസിപി അരുള്‍ ബി. കൃഷ്ണ അറിയിച്ചു. ഇതിന്റെ ഭാഗമായാണു സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും വകവരുത്തിയതെന്ന് ഇയാള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി.
ബുധനാഴ്ച്ചയാണ് കൃത്യം നടത്തിയത്. വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ച ശേഷം മഴു ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അന്നു തന്നെയാണ് ബന്ധുവിനെയും കൊലപ്പെടുത്തിയത്. പിടികൂടി മണിക്കൂറുകള്‍ക്കകമാണ് കേദലിന്റെ കുറ്റസമ്മതം. ഡിസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കേദലിന്റെ മൊബൈല്‍ ഫോണില്‍ സാത്താന്‍ സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്. പിന്നീട് കേദല്‍ ചെന്നൈയിലേക്ക് പോയി റൂം വാടകയ്‌ക്കെടുത്തു താമസിച്ചു. തിരികെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കേദലിനൊപ്പം നാഗര്‍കോവില്‍ മുതല്‍ പൊലീസ് ഒപ്പമുണ്ടായിരുന്നു. ഇന്ന് വൈകിട്ടോടെ തമ്പാനൂര്‍ സ്റ്റേഷനില്‍ വെച്ച് പിടികൂടുകയായിരുന്നു.
ഏപ്രില്‍ ഒമ്പതാം തീയതി നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള വീടിനുള്ളില്‍ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടെ ചാക്കില്‍ക്കെട്ടിയ നിലയിലുമായിരുന്നു്. ഡോണ്‍ ജീന്‍ പദ്മ, ഭര്‍ത്താവ് പ്രൊഫ.രാജ് തങ്കം ഇവരുടെ മകള്‍ കരോളിന്‍ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.
മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നായിരുന്നു പ്രാഥമിക നിഗമനം. വീടിന് സമീപത്ത് നിന്നും മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തി. അര്‍ധരാത്രിയോടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും അഗ്‌നിശമനാസേനയും തീകെടുത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മരിച്ച ശേഷം കാണാതായ ദമ്പതികളുടെ മകന്‍ കേദലിന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തുകയായികുന്നു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണോയെന്ന് സംശയിക്കുന്നുണ്ട്. രണ്ട് ദിവസമായി ഡോക്ടറുടെ മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞിരുന്നു. മൂന്ന് ദിവസമായി പ്രൊഫ. രാജ് തങ്കത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ ദമ്പതികളുടെ മകള്‍ കരോളിന്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്.