കൊച്ചി: മീ ടൂ ക്യാംപെയിനിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മോഹന്‍ലാല്‍ പെട്ടിരിക്കുകയാണ്. സിനിമാ ലോകത്ത് നിന്ന് നിരവധി പേരാണ് മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് ദുബായില്‍ വെച്ച് മീടൂ ഫാഷനാണ്, ഒരു പ്രസ്ഥാനമല്ലെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. മീടൂ കൊണ്ട് ഇതുവരെ യാതൊരു കുഴപ്പവും മലയാള സിനിമയ്ക്ക് ഉണ്ടായിട്ടില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു. മാധ്യമങ്ങള്‍ പറഞ്ഞ് ഉണ്ടാക്കാതിരുന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരായി നടി രേവതി, സംവിധായിക അഞ്ജലി മേനോന്‍, നടി പദ്മപ്രിയ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇന്ന് നടന്‍ പ്രകാശ് രാജും പ്രതികരണവുമായി രംഗത്തെത്തി. മീ ടൂ പോലൊരു വിഷയത്തില്‍ മോഹന്‍ലാല്‍ കുറച്ച് കൂടി കരുതല്‍ എടുക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ അങ്ങനെ പറഞ്ഞ് പോയതാവും. അദ്ദേഹം വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ ഒരു വ്യക്തിയാണ്. ഇത്തരമൊരു വിഷയത്തില്‍ വളരെ ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട്. അദ്ദേഹത്തിനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട് എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. മീ ടൂ എന്നത് അതിശക്തമായ ഒരു പ്രസ്ഥാനമാണ് എന്നും ലാലിന്റെ വാദങ്ങള്‍ക്കെതിരെ പ്രകാശ് രാജ് പറഞ്ഞു.
സ്ത്രീകളെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണത്. പലപ്പോഴും അറിഞ്ഞോ അറിയാതെയോ താനും മറ്റുളളവരുമടക്കം ഇരപിടിയന്മാരാകുന്നുണ്ട്. ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോള്‍ നമ്മള്‍ നിശബ്ദത പാലിക്കുകയാണ് എങ്കില്‍ നാം കുറ്റവാളികള്‍ക്കൊപ്പമാണ്. സ്ത്രീ അനുഭവിക്കുന്ന വേദനയും മുറിവും ഒരു യാഥാര്‍ത്ഥ്യമാണ്. അത് കാണാതെ പോകരുതെന്നും പ്രകാശ് രാജ് പറഞ്ഞു.
ചൊവ്വയില്‍ നിന്നെത്തിയവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് മനസ്സിലാകാന്‍ തരമില്ലെന്നാണ് അഞ്ജലി മേനോന്‍ പ്രതികരിച്ചത്. മീ ടൂ ഒരു ഫാഷനാണ് എന്നാണ് പ്രമുഖ നടന്‍ പറഞ്ഞിരിക്കുന്നത്. ഇവരെ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കാനാവുക..അഞ്ജലി പറഞ്ഞത് ശരിയാണെന്നാണ് നടി രേവതി പറഞ്ഞത്.