ചെന്നൈ: ഹൈന്ദവ തീവ്രവാദത്തിനെതിരെ സംസാരിച്ച കമലഹാസന് പിന്തുണയുമായി പ്രമുഖ സ്വഭാവ നടനായ പ്രകാശ്രാജ് രംഗത്ത്. രാജ്യത്ത് ഹിന്ദു തീവ്രവാദം വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഗ്രസിച്ചിരിക്കുകയാണെന്ന് പറഞ്ഞ നടന്‍ കമലഹാസനെതിരെ കേസെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന്, പശുവിന്റേയും മതത്തിന്റേയും പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദമല്ലേ എന്നാണ് പ്രകാശ് രാജ് ചോദിക്കുന്നത്. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ തെരുവുകളില്‍ സദാചാരത്തിന്റെ പേരില്‍ ചെറുപ്പക്കാരായ ദമ്പതികളെ ആക്രമിക്കുന്നത് ഭീകരവാദമല്ലേ, പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന സംശയത്തിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നതും നിയമം കൈയിലെടുക്കുന്നതും ഭീകരവാദമല്ലേ, ചെറിയ എതിരഭിപ്രായങ്ങളെ പോലും വെറുപ്പും ഭീഷണിയും ട്രോളുകളും ഉപയോഗിച്ച് നിശബ്ദമാക്കുന്നത് ഭീകരവാദമല്ലേ? എങ്കില്‍ എന്താണ് ഭീകരവാദം? ജസ്റ്റ് ആസ്‌കിംഗ് എന്ന ഹാഷ്ടാഗില്‍ പ്രകാശ് രാജ് ട്വിറ്ററില്‍ പോസറ്റ് ചെയ്ത കുറിപ്പില്‍ ചോദിക്കുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി കമലഹാസനെതിരെ വാരണാസിയില്‍ കേസെടുത്തതിന് പിന്നാലെയാണ് പ്രകാശ് രാജ് പ്രതികരണവുമായി രംഗത്തെത്തിയത്.
ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ല. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണെന്നായിരുന്നു കമലഹാസന്റെ പ്രസ്താവന.