കൊച്ചി:ആദിയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാലിന്റെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് . സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. അതില്‍ ശ്രദ്ധേയമായ കാര്യം പ്രണവ് തന്നെയാണ്.
മലയാളത്തിലെ പ്രമുഖ താരപുത്രന്‍ ആയതിനാല്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമകളെ കുറിച്ചറിയാന്‍ ആരാധകര്‍ക്കും വലിയ താല്‍പര്യമാണ്. ആദിയ്ക്ക് ശേഷം പ്രണവ് സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവ് നായകനാവുകയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പ്രണവിലേക്ക് എത്തുകയായിരുന്നു.
ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ആദിയില്‍ പാര്‍ക്കൗര്‍ അഭ്യാസങ്ങളിലൂടെയായിരുന്നു പ്രണവ് ശ്രദ്ധേയനായത്. അസാധ്യ മെയ്‌വഴക്കത്തോടെ ഓടാനും ചാടനുമെല്ലാം പ്രണവിന് കഴിഞ്ഞിരുന്നു. സിനിമയിലെ പ്രധാനഘടകവും ഇത് തന്നെയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അവസ്ഥയും ഇതുതന്നെയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന ചിത്രങ്ങളാണ് ഇത്തരമൊരു സൂചന നല്‍കിയിരിക്കുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. ആദ്യയിലെ പോലെ തന്നെ മികച്ച മാര്‍ഷല്‍ സ്‌റ്റൈല്‍ ആക്ഷന്‍സ് ചിത്രത്തിലുമുണ്ടാവും. ട്രെയിനില്‍ നിന്നുള്ള സംഘട്ടന രംഗങ്ങളായിരുന്നു അടുത്തിടെ ചിത്രീകരിച്ചത്. ട്രെയിനിന്റെ ജനാലയില്‍ തുങ്ങി കിടക്കുന്ന പ്രണവിന്റെ ചിത്രങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു. മോഹന്‍ലാല്‍ ഫാന്‍സിന്റെ പേരില്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നത്.
സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ള യുവാവിന്റെ വേഷത്തിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവ് അഭിനയിക്കുന്നതെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുമായിരുന്നു സര്‍ഫിംഗ് രംഗങ്ങള്‍ ചിത്രീകരിച്ചത്. സര്‍ഫിംഗ് പഠിക്കുന്നതിന് വേണ്ടി ഒരു മാസത്തിലേറെ സമയമായിരുന്നു പ്രണവിന് ആവശ്യമായി വന്നത്. ആദിയില്‍ പാര്‍ക്കൗര്‍ ആണെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോള്‍ സര്‍ഫിംഗിലായിരിക്കും പ്രണവ് തിളങ്ങാന്‍ പോവുന്നതെന്ന് ഇതിനകം വ്യക്തമാണ്.
സിനിമയില്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പ്രണവ് ആദ്യമേ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ആദിയിലെ രംഗങ്ങളും അതിനനുസരിച്ചാണ് ചിത്രീകരിച്ചത്. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് റൊമാന്റിക് ആക്ഷന്‍ ഗണത്തില്‍ ഒരുക്കുന്ന സിനിമയാണ്. ചിത്രം കിടിലനൊരു പ്രണയകഥയായിരിക്കും പറയാന്‍ പോവുന്നതെന്നാണ് സൂചന. പ്രണവിന്റെ നായികയായി സിനിമയിലേക്ക് പുതുമുഖത്തെയായിരുന്നു തിരഞ്ഞെടുത്തത്. മോഡലും അഭിനേത്രിയുമായ റേച്ചല്‍ ഡേവിഡാണ് ചിത്രത്തിലെ നായിക. നവംബറില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ക്രിസ്തുമസ് റിലീസായി ചിത്രം പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
ദിലീപ് ചിത്രം രാമലീലയിലായിരുന്നു അരുണ്‍ ഗോപി സംവിധാനം ചെയ്ത ആദ്യ ചിത്രം. ബോക്‌സോഫീസില്‍ തരംഗമായിരുന്ന രാമലീല നിര്‍മ്മിച്ചത് ടോമിച്ചന്‍ മുളകുപാടമായിരുന്നു. അരുണ്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടും മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. മുളകുപാടം ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിതെന്ന് പ്രത്യേകതയുമുണ്ട്. പുലിമുരുകന് ആക്ഷനൊരുക്കിയ പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിനും സംഘട്ടനം ഒരുക്കുന്നത്. അഭിനന്ദ് രാമാനുജന്‍ ആണ് ഛായഗ്രഹണം. സംഗീതം ഗോപി സുന്ദര്‍ കൈകാര്യം ചെയ്യും.
അച്ഛന്‍ താരരാജാവായി സിനിമാലോകത്ത് വാഴുമ്പോള്‍ സിനിമയോട് അത്രയും താല്‍പര്യം കാണിക്കുന്ന മകനായിരുന്നു പ്രണവ് മോഹന്‍ലാല്‍. സാഹസിക യാത്രകളെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന പ്രണവ് നായകനായി അരങ്ങേറ്റം നടത്തിയിരുന്നു. ചെറുപ്പത്തില്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനാവുന്നത് ജിത്തു ജോസഫിന്റെ ആദിയിലൂടെയായിരുന്നു. ജനുവരി 26 ന് റിലീസിനെത്തിയ ആദി തിയറ്ററുകളില്‍ ബ്ലോക്ബസ്റ്റര്‍ മൂവിയായി മാറിയിരുന്നു.