ഫയര്‍ഫോഴ്‌സിനെ അഞ്ചു തവണ ഫോണില്‍ വിളിച്ച് പറ്റിച്ച് പതിനേഴുകാരന്‍; കാരണംകേട്ട് പൊലീസ് ഞെട്ടി

അഗ്‌നിശമന സേനയെ അഞ്ചു തവണ ഫോണില്‍ വിളിച്ച് കബളിപ്പിച്ച പതിനേഴുകാരന്‍ പിടിയില്‍. കുടപ്പനക്കുന്ന് സ്വദേശിയാണ് കുട്ടി. വീടിനു സമീപത്തെ പാറമടയില്‍ ജോലിക്കു വന്ന സ്ത്രീയുടെ സിം കാര്‍ഡ് മോഷ്ടിച്ചായിരുന്നു വിളികള്‍. അതോടെ ഉടമ ശാസ്താ നഗര്‍ സ്വദേശി സോഫിയ പോലീസ് പിടിയിലായി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വീടിനു തീപിടിച്ചു, കിണറ്റില്‍ ആളു വീണു എന്നൊക്കെ പറഞ്ഞാണ് സ്ഥിരമായി വിളിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് ഹാര്‍വിപുരത്ത് ഒരാള്‍ കിണറ്റില്‍ വീണുവെന്ന് പറഞ്ഞ് വിളിച്ചു. എന്നാല്‍ പേരൂര്‍ക്കടയിലെത്തിയപ്പോള്‍ സന്ദേശം തെറ്റായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിഞ്ഞു. പിന്നാലെ ഡിജിപിക്ക് പരാതി നല്‍കി. ഡിജിപിയുടെ നിര്‍ദേശ പ്രകാരം പേരൂര്‍ക്കട സിഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിച്ചു കൊണ്ടിരുന്ന ആണ്‍കുട്ടി പിടിയിലായത്. ചോദ്യം ചെയ്യലില്‍ അഗ്‌നിശമന സേനയുടെ വാഹനം പോകുമ്പോഴുള്ള ശബ്ദം കേള്‍ക്കാനാണ് ഇങ്ങനെ ചെയ്തതെന്ന വിചിത്ര മറുപടിയാണ് നല്‍കിയത്. ഇയാള്‍ക്ക് ചെറിയ രീതിയില്‍ മാനസിക പ്രശ്‌നമുള്ളതായി പോലീസ് പറഞ്ഞു. എപ്പോഴും ഫോണ്‍ വിളിച്ച ശേഷം സ്വിച്ച് ഓഫ് ആക്കി വെയ്ക്കുകയാണ് പതിവ്. എന്നാല്‍ ഏറ്റവുമൊടുവില്‍ വിളിച്ച ശേഷം സിം നശിപ്പിച്ചു കളഞ്ഞെന്ന് പതിനേഴുകാരന്‍ പൊലീസിനോട് പറഞ്ഞു.

Top