തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനം കേരള സര്‍ക്കാര്‍ എടുത്തെങ്കിലും തടസ്സങ്ങള്‍ പലതുണ്ട്. കേന്ദ്രത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ വകവെക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, സര്‍ക്കാരിന്റെ ഈ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എത്തി.
ഇത്തരം വിധി നടപ്പിലാക്കരുതെന്നും സര്‍ക്കാരിന്റെ തീരുമാനം നിലവിലെ നിയമങ്ങള്‍ക്കു വിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. നായ്ക്കളെ കൊല്ലാനുള്ള തീരുമാനം നടപ്പാക്കിയാല്‍ താന്‍ ഉടനെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്നും പ്രശാന്ത് ഭൂഷണ്‍ മുന്നറിയിപ്പു നല്‍കി.
സുപ്രീംകോടതി വിധിയില്‍ മനുഷ്യന്റെ ജീവനു ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കള്‍ക്കെതിരെ നടപടി ആകാമെന്നു വ്യക്തമാക്കിയിട്ടുള്ളതിനാല്‍ മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദ്ദേശം സംസ്ഥാനത്തു നടപ്പാക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.. ഇത്തരം തെരുവുനായ്ക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കും. വളര്‍ത്തുനായ്ക്കള്‍ക്കു റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും ആക്രമണകാരികളായവയെ കൊന്നൊടുക്കാനുമുള്ള മന്ത്രിയുടെ ഉത്തരവ് പ്രാവര്‍ത്തികമാകാന്‍ സാധ്യത കുറവെന്ന് വിദഗ്ദ്ധരും വിലയിരുത്തുന്നു. 2001ലെ മൃഗങ്ങളുടെ ജനനനിയന്ത്രണ നിയമത്തിന്റെ ഒന്‍പതാം വകുപ്പ് അനുസരിച്ച് ചികിത്സിച്ച് ഭേദമാക്കാന്‍ പാടില്ലാത്ത രോഗമോ മാരകമായ മുറിവോ ഉള്ള നായകളെ അംഗീകരിക്കപ്പെട്ട ഒരു വെറ്ററിനറി സര്‍ജ്ജന്‍ സാക്ഷ്യപ്പെടുത്തിയതിന് ശേഷം മാത്രം ദയാവധത്തിന് വിധേയമാക്കാവുന്നതാണ്. പേ പിടിച്ച നായകള്‍ ആണെങ്കില്‍ മൃഗഡോക്ട്ടര്‍മാരുടെ ഒരു പാനല്‍ സാക്ഷ്യപ്പെടുത്തിയതിനു ശേഷം അവയെ വേദനാരഹിതമായി മരിക്കാന്‍ അനുവദിക്കുകയോ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന് കൈമാറുകയോ ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. അല്ലെങ്കില്‍ അത് ക്രിമിനല്‍കുറ്റംവരെയാകാം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.
ഇത്തരം നായകളെ കണ്ടെത്തിയാല്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന് കൈമാറണം എന്നതിനപ്പുറം മറ്റൊന്നും ചെയ്യാന്‍ നിയമം സര്‍ക്കാരിനെ അനുവദിക്കുന്നില്ലെന്നു വ്യക്തമാണ്. കൊല്ലുന്ന രീതിയെക്കുറിച്ചും നിയമത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്. പേ പിടിച്ച നായകളെ സോഡിയം പെനതോള്‍ കുത്തി വച്ച് വേദന കുറഞ്ഞ മരണം അനുവദിക്കുകയാണ് ചെയ്യുന്നത്. അതല്ലാത്ത അക്രമകാരികളായ നായകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞ്ത്. വന്ധ്യംകരണം നിയമവിരുദ്ധമാണെന്ന 2012ലെ കോടതിവിധിയ്ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയതും ആവശ്യമില്ലാത്ത കാര്യമാണെന്ന് നിയമവകുപ്പ് ഉപദേശം നല്‍കിയിരുന്നു. മാത്രമല്ല തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യാനുള്ള അധികാരം കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നല്‍കുന്ന മുനിസിപ്പാലിറ്റി ആക്റ്റ് നിലവിലുള്ളപ്പോള്‍ മറ്റൊരു ഒരു നിയമനിര്‍മ്മാണം ആവശ്യമില്ലെന്നും അന്ന് പറഞ്ഞിരുന്നു. വന്ധ്യംകരണം നടത്തിയതിനു ശേഷം വേണ്ട വിധം നിരീക്ഷിച്ചില്ലെങ്കില്‍ മറ്റു രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനും സാധ്യതയുണ്ടെന്ന് അഭിപ്രായം ഉയരുന്നുണ്ട്. ഇതും വെല്ലുവിളിയാണ്.