മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എംകെ ദാമോദരനെ നിയമിക്കില്ലെന്ന് സര്‍ക്കാര്‍

frojnj67s76cdrvuadugnmhph6

കൊച്ചി: അഴിമതി കേസിലെ പ്രതികള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകനായ എംകെ ദാമോദരന്‍ ഹാജരാകുന്നത് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയാണ്. സംഭവം പണികിട്ടുമെന്ന സ്ഥിതി വന്നപ്പോള്‍ സര്‍ക്കാര്‍ നാടകമായ നീക്കം നടത്തുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എംകെ ദാമോദരനെ നിയമിക്കില്ലെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. നിയമോപദേശകനെ നിയമിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു സമാനമായ പദവിയില്‍ നിയമോപദേഷ്ടാവായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ദാമോദരന്‍ ഇനിയും കൈപ്പറ്റിയിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റണമെന്ന പൊതുതാല്‍പര്യ ഹര്‍ജി വന്നിട്ടുള്ളത്. പദവി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ നിയമോപദേശകന്‍ സര്‍ക്കാരിനെതിരായ കേസില്‍ ഹാജരാകുന്നുവെന്നും അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കിയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നത്. അത് പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നിലപാടു മാറ്റിയത്. ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയാരോപണത്തില്‍ വിജിലന്‍സ് കേസ് നേരിടുന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനു വേണ്ടിയും ക്വാറി ഉടമകള്‍ക്കുവേണ്ടിയും ദാമോദരന്‍ കോടതിയില്‍ ഹാജരായിരുന്നു.

സാന്റിയാഗോ മാര്‍ട്ടിന്റെ കേസ് ഒഴികെ മറ്റുകേസുകളില്‍ സര്‍ക്കാര്‍ കക്ഷിയാണ്. ഇതു വന്‍ വിവാദത്തിനു വഴി തെളിച്ചിരുന്നു. എന്നാല്‍, പ്രതിഫലം പറ്റാതെയാണ് ഉപദേശക പദവിയില്‍ ദാമോദരന്‍ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ മറുപടി.

Top